പത്തനംതിട്ട: ഭിന്നശേഷിക്കാരായ മകനെ/മകളെ, സംരക്ഷിക്കുന്ന വിധവയായ അമ്മയ്ക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ധനസഹായം നൽകുന്ന സ്വാശ്രയ പദ്ധതി മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് താഴെപ്പറയുന്നവർക്ക് കൂടി അപേക്ഷിക്കത്തക്ക രീതിയിൽ കൂടുതൽ ലളിതമാക്കിയതായി ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. പുതുക്കിയ മാനദണ്ഡ പ്രകാരം മുഴുവൻ സമയസഹായി ആവശ്യമുള്ള 50%ത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവരെ സംരക്ഷിച്ചുവരുന്ന മാതാവ്/ പിതാവ്/ അടുത്ത ബന്ധുക്കൾക്ക് ധനസഹായം അനുവദിക്കുന്നതാണ്. ഒന്നിൽ കൂടുതൽ ഭിന്നശേഷിക്കാരുള്ള കുടുംബങ്ങളിലെ മാതാവ്, പിതാവ് അടുത്ത ബന്ധുക്കൾക്ക് സഹായിയായി നിൽക്കേണ്ട അവസ്ഥയിൽ ഒരു കുട്ടിക്ക് 40% ആണെങ്കിൽ പോലും ധനസഹായം അനുവദിക്കുന്നതാണ്. ഭർത്താവിന് ശാരീരിക മാനസിക വെല്ലുവിളികൾ കാരണം ജോലിക്ക് പോകാൻ സാധിക്കാത്തതും മറ്റു വരുമാനം മാർഗ്ഗങ്ങൾ ഇല്ലാത്തതുമായ സാഹചര്യത്തിൽ ഭർത്താവ് നിലവിൽ ഉണ്ടെങ്കിലും തുക അനുവദിക്കുന്നതാണ്. ഭിന്നശേഷിത്വം മൂലം പുറത്തുപോയി തൊഴിൽ ചെയ്യുന്നതിന് സാധിക്കാത്ത ഭിന്നശേഷിക്കാർക്കും ഈ പദ്ധതി പ്രകാരം തുക അനുവദിക്കുന്നതാണ് . സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം.