മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ കാവനാൽക്കടവ് - നൂറോന്മാവ് റോഡിന്റെ നവീകരണംഒച്ചിഴയും വേഗത്തിലെന്ന് ആക്ഷേപം. ഫെബ്രുവരി അവസാന ആഴ്ചയിൽ തുടങ്ങിയ പണികൾക്ക് പുരോഗതിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആനിക്കാട്ടിലമ്മ ശിവ പാർവതി ക്ഷേത്രത്തിന് സമീപം വെള്ളക്കെട്ട് ഏറെ രൂക്ഷമായിരുന്ന സ്ഥലത്തും, ഓവുമണ്ണിൽ പടിക്കു സമീപത്തായും പുതിയ രണ്ട് കലുങ്കുകളുടെയും ഓടകളുടെ നിർമ്മാണ പ്രവർത്തികളും പൂർത്തീകരിച്ചു. 200 മീറ്ററോളം ദൂരത്തിൽ 70 സെന്റീമീറ്റർ ഉയരത്തിൽ മണ്ണിട്ടുയർത്തുകയും ചെയ്തു. ഇതിനുപുറമേ വെള്ളക്കെട്ടുള്ള മറ്റൊരു സ്ഥലത്തും പുതിയ കലുങ്കിന്റെ നിർമ്മാണത്തിനും പദ്ധതിയുണ്ട്. റോഡിൽ രൂപപ്പെട്ട കുഴികൾ നികത്തുന്ന പണികളാണ് ഇതുവരെ പൂർത്തിയായത്. രണ്ടുവർഷത്തിലേറെയായി നാശോന്മുഖമായി കിടന്നിരുന്ന റോഡിലെ പുനരുദ്ധാരണ പ്രവർത്തികൾ വൈകുന്നത് നാട്ടുകാർ ഏറെ ദുരിതത്തിലാണ്.
ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയാണ് നിർമ്മാണ പ്രവർത്തികൾക്ക് തടസമാകുന്നതെന്നാണ് അധികൃതരുടെ വാദം. കലുങ്കുകളുടെ നിർമ്മാണം പൂർത്തിയായാൽ ടാറിംഗ് പ്രവർത്തികൾ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
പദ്ധതി ഇങ്ങനെ
കാവനാൽക്കടവ് -നെടുംങ്കുന്നം റോഡിലെ കാവനാൽകടവ് മുതൽ നൂറോന്മാവ് വരെയുള്ള 2.5 കിലോമീറ്റർ ദൂരം ബി. എം ആൻഡ് ബി.സി നിലവാരത്തിൽ പൂർത്തീകരിക്കാനാണ് പദ്ധതി. നിലവിലുള്ള റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങൾ ജി.എസ്ബി, ഡബ്ല്യു.എം.എം എന്നിവ ഉപയോഗിച്ചുള്ള പ്രവർത്തികൾക്കും 5.50 മീറ്റർ വീതിയിൽ ടാറിംഗ് നടത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുതിയ ജി.എസ്ടി നിരക്ക് ഉൾപ്പെടുത്തി പുതുക്കിയ ഭരണാനുമതി പ്രകാരം 4.043 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
...............................................
2.5 കിലോമീറ്റർ ദൂരം
5.50 മീറ്റർ വീതിയിൽ ടാറിംഗ്
4.043 കോടി രൂപയുടെ പദ്ധതി