waste-issue

രോഗ്യ മേഖലയിലെ മാലിന്യം അലക്ഷ്യമായി പുറന്തള്ളുന്നത് ഗുരുതര ആരോഗ്യ പ്രശ്നമാകുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള സർക്കാർ-സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ എന്തു ചെയ്യുന്നുവെന്ന് സാധാരണക്കാർക്ക് പൊതുവെ അറിവില്ല. കേന്ദ്രസർക്കാരിന്റെ പുതിയ നിയമമനുസരിച്ച് ബയോ മെഡിക്കൽ മാലിന്യങ്ങൾ ഉറവിടത്തിൽ നിന്ന് എഴുപത്തിയഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നിർമ്മാർജനം ചെയ്യേണ്ടതാണ്. സംസ്ഥാനത്ത് ഓരോ മേഖലയിലും ഒരു പൊതു ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് എന്നതാണ് സംസ്ഥാന സർക്കാരും ഐ.എം.എയും അംഗീകരിച്ചിട്ടുള്ളത്. വടക്ക്, മദ്ധ്യ, തെക്ക് മേഖലകൾ തിരിച്ചാണ് ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കേണ്ടത്. വടക്കൻ മേഖയിലെ മാലന്യ പ്ളാന്റ് പാലക്കാടാണ്. തെക്കൻ കേരളത്തിലെ മാലിന്യ പ്ളാന്റ് അടൂർ കിൻഫ്ര പാർക്കിൽ സ്ഥാപിക്കാനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ)​ പദ്ധതി അംഗീകരിച്ചത്. പക്ഷെ, പ്രാദേശികമായി ജനങ്ങളിൽ നിന്നുണ്ടാകുന്ന എതിർപ്പ് പദ്ധതിക്ക് തടസമാണ്. പ്ളാന്റ് മലിനീകരണമോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാക്കുന്നില്ലെന്ന് മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ സമർത്ഥിക്കുന്നു. എന്നാൽ, നാട്ടുകാർക്ക് അതിൽ വിശ്വാസം പോര. പ്ളാന്റിനെതിരെ സമരവുമായി നാട്ടുകാർ ഒന്നടങ്കം രംഗത്തിറങ്ങി.

ശക്തമാകുന്ന

പ്രതിഷേധം

കഴിഞ്ഞ ദിവസം ഇളമണ്ണൂരിൽ പ്ളാന്റ് പൊതുജന അഭിപ്രായങ്ങൾ കേൾക്കാനായി എത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ നാട്ടുകാർ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. എണ്ണൂറോളം ആളുകൾ പങ്കെടുത്ത യോഗത്തിൽ ഒരാൾ പോലും പ്ളാന്റിന് അനുകൂലമായി അഭിപ്രായം പറഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. യോഗത്തിൽ ഐ.എം.എ പ്രതിനിധികൾക്ക് എല്ലാവർക്കും മുൻനിരയിൽ സ്ഥാനം നൽകിയതുപോലും ചോദ്യം ചെയ്യപ്പെട്ടു. അവരിൽ പ്രധാനികളെ ഒഴികെ മറ്റുള്ളവരെ മാറ്റിയ ശേഷമാണ് യോഗം തുടരാനായത്.

പ്ളാന്റ് സ്ഥാപിക്കുന്നതുകൊണ്ട് മലിനീകരണ പ്രശ്നമോ രോഗങ്ങളോ ഉണ്ടാകില്ലെന്ന് യോഗത്തിൽ പറഞ്ഞത് ഡോക്ടർമാരാണ്. ആരോഗ്യരംഗത്തുള്ളവർ എല്ലാ വശങ്ങളും പഠിച്ച് ശാസ്ത്രീയമായ രീതിയിലാണ് പ്ളാന്റ് നിർമ്മിക്കുന്നതെന്ന് വ്യക്തമാക്കി. പാലക്കാട് പ്രവർത്തിക്കുന്ന പ്ളാന്റിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും അവർ വിശദീകരിച്ചു. ഇതുകൊണ്ടൊന്നും പൊതുജനങ്ങളുടെ ആശങ്കകൾ അകറ്റാൻ കഴിയാത്തത് പല മലിനീകരണ പ്ളാന്റുകളു‌ടെയും പ്രവർത്തനം ശരിയായ നിലയിലല്ല എന്ന ബോദ്ധ്യത്തിലാണ്. ആശുപത്രി മാലിന്യങ്ങൾ നാം ഓരോരുത്തരുടെയും ചികിത്സയെ തുടർന്ന് ഉണ്ടാകുന്നവയാണെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത് ശരി തന്നെയാണ്. അത് നിർമ്മാർജനം ചെയ്യുന്നത് ഒട്ടേറെ വ്യവസായ സംരംഭങ്ങൾ പ്രവർത്തിക്കുന്നതും ജനവാസ കേന്ദ്രത്തിനോടു ചേർന്നും വേണമോയെന്ന നാട്ടുകാരുടെ ചോദ്യത്തിലും വ്യക്തമായ ഉത്തരം കിട്ടേണ്ടതുണ്ട്.

പ്ളാന്റ് പ്രവർത്തിക്കുന്നത് അതീവ സുരക്ഷിതത്തോടെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു. പ്ളാന്റിലേക്ക് മാലിന്യങ്ങൾ എത്തിക്കുന്നത് തീർത്തും സുരക്ഷിതമായി അടക്കപ്പെട്ട വാഹനങ്ങളിലാണ്. ഇവയുടെ ശാസ്ത്രീയമായ നിർമ്മാർജനം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ജില്ലാ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഇരുപത്തിനാല് മണിക്കൂർ നിരീക്ഷണത്തിൽ ചെയ്യുന്നതാണ്. ഒരു വിധത്തിലുള്ള രോഗ വ്യാപനത്തിനും ഇടയില്ലാതെ ഏറ്റവും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായ രീതിയിൽ നിർമ്മാർജനം ചെയ്യപ്പെടുമെന്നും അസോസിയേഷൻ വിശദീകരിക്കുന്നു. ഓക്സിജനും കാർബൺ ഡയോക്സൈസും ജലകണികകളും അല്ലാതെ മറ്റൊരു പദാർത്ഥവും അന്തരീക്ഷത്തിൽ കലരുകയില്ലത്രെ.

ജനപ്രതിനിധികൾ എതിര്

കിൻഫ്ര പാർക്കിൽ മാലിന്യ പ്ളാന്റ് സ്ഥാപിക്കുന്നതിനെ ജനപ്രതിനിധികളും എതിർക്കുകയാണ്. ജനവാസ മേഖലയിൽ മാലിന്യ പ്ളാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ആന്റോ ആന്റണി എം.പിയും കെ.യു.ജനീഷ്കുമാർ എം.എൽ.എയും യോഗത്തിൽ അറിയിച്ചു. പൊതുജനാഭിപ്രായം പരിഗണിക്കാതെയാണ് പ്ളാന്റ് ഇളമണ്ണൂരിൽ സ്ഥാപിക്കാനുള്ള നീക്കം നടത്തിയതെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. ഭരണകക്ഷിയായ സി.പി.എമ്മും പ്ളാന്റിനെതിരാണ്. ജനവാസ മേഖലയിൽ മെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഉദയഭാനുവും നിലപാട് വ്യക്തമാക്കി. ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്ക അതീവ ഗൗരവത്തിൽ എടുക്കണം. നിരവധി ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങളടക്കം പ്രവർത്തിക്കുന്ന വ്യവസായ മേഖലയിൽ ഇത്തരത്തിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കരുത്.
ഒരു പ്രദേശത്ത് ജനങ്ങളെയാകെ ആശങ്കപ്പെടുത്തി പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്നതാണ് പാർട്ടി നയം. ഇളമണ്ണൂരിൽ കെ.പി.റോഡിനോടും ഗ്രാമപ്പഞ്ചായത്ത് ഓഫീസിനോടും ചായലോട് മെഡിക്കൽ കോളേജിനോടും ഭക്ഷ്യവവസായ പാർക്കിലെ സംരംഭങ്ങളോടും ചേർന്നാണ് മാലിന്യ സംസ്കരണ പ്ളാന്റിന് ശ്രമിക്കുന്നതെന്ന് പറക്കോട് ബ്ളോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചൂണ്ടിക്കാട്ടുന്നു. പ്ളാന്റ് സ്ഥാപിക്കുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായത്തിന് പ്രാധാന്യം നൽകുമെന്ന് മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

പകരം സ്ഥലം കണ്ടെത്തണം

മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാൻ ജനവാസ കേന്ദ്രങ്ങളല്ലാത്ത പ്രദേശങ്ങൾ പത്തനംതിട്ട ജില്ലയിലുണ്ട്. പാട്ടക്കാലവാധി കഴിഞ്ഞ റബർ തോട്ടങ്ങൾ ഹെക്ടറുകൾ കണക്കിനുണ്ട്. കിൻഫ്ര പാർക്കിൽ ജനവാസ കേന്ദ്രത്തോടു ചേർന്ന ഭൂമി കണ്ടെത്തിയത് ഏറ്റവും എളുപ്പത്തിൽ കാര്യം നടത്താൻ വേണ്ടിയാണ്. മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിന് മുൻപ് തന്നെ അറഞ്ഞിരിക്കേണ്ട കാര്യം ജനവാസ കേന്ദ്രത്തിലായാൽ എതിർപ്പുയരുമെന്നതാണ്.

ജനങ്ങളെ വേണ്ടവിധം കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനാകണം. കിൻഫ്ര പാർക്കിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റും ഉദ്പ്പാദന യൂണിറ്റുകളുമുണ്ട്. വിവിധ വ്യവസായ യൂണിറ്റുകളും പ്രവർത്തിക്കുന്നു. നൂറ് കണക്കിന് ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് ഇവയെല്ലാം. ഇതുകൂടാതെ പരിസരങ്ങളിൽ നിരവധി വീടുകളുമുണ്ട്. മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുമ്പോൾ ഇവയൊക്കെ പരിഗണിക്കേണ്ടതുണ്ട്. അത്യാധുനികവും ശാസ്ത്രീയവുമായ രീതിയിലാണ് ആശുപത്രി മാലിന്യ പ്ളാന്റ് സ്ഥാപിക്കുന്നതെന്ന് മെഡിക്കൽ അസോസിയേഷൻ പറഞ്ഞാൽ അപ്പടി അംഗീകരിക്കാൻ കഴിയില്ല. ആദ്യമൊക്കെ കർശന നിരീക്ഷണം പുലർത്തിയാലും പിന്നെപ്പിന്നെ സുരക്ഷാ കാര്യങ്ങളിൽ ജാഗ്രത കുറയും. മറ്റ് പല പ്ളാന്റുകളുടെ കാര്യത്തിലും ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതാണ് ജനങ്ങളുടെ എതി‌ർപ്പിനും മുഖ്യകാരണം. അതുകൊണ്ട് ജനവാസമില്ലാത്ത ഏതെങ്കിലും സ്ഥലം കണ്ടെത്തുന്നതാകും ഉചിതം.