
പത്തനംതിട്ട : മാലിന്യ സംസ്കരണത്തിലും നിർമ്മാർജനത്തിലും മികച്ച മുന്നേറ്റം നടത്തിയ ജില്ലയിലെ 35 സ്കൂളുകൾ ഹരിത വിദ്യാലയം പദ്ധതിയിൽ ഇടംനേടി. ഡിസംബർ 31ന് മുൻപ് ജില്ലയിലെ എല്ലാ സ്കൂളുകളും ഹരിതവിദ്യാലയമാക്കാൻ തീവ്ര പരിശ്രമം നടത്തുകയാണ് ഹരിതകേരളം മിഷൻ. ഹരിത വിദ്യാലയമായി പ്രഖ്യാപിച്ച സ്കൂളുകളിൽ മാലിന്യ സംസ്കരണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഉച്ചഭക്ഷണം ഇലയിൽ കൊണ്ടുവരുന്നതുൾപ്പെടെ പൂർണമായി നിരോധിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും പാത്രങ്ങളിൽ ഭക്ഷണം കൊണ്ടുവരണമെന്ന നിർദേശം പാലിക്കുന്നുവെന്ന് പ്രധാന അദ്ധ്യാപകരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണം. പേപ്പർ ഗ്ളാസും ഡിസ്പോസിബിൾ പാത്രങ്ങളും സ്കൂളുകളിൽ ഉപയോഗിക്കില്ല. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും സ്കൂളിന്റെ പ്രവർത്തനം. പരിപാടികളിലും ഇതേപാത പിൻതുടരും. സ്കൂൾ പരിസരങ്ങളുടെ ശുചീകരണവും ഹരിതചട്ട പ്രകാരം നിർബന്ധിതമാക്കി.
വിദ്യാലയങ്ങളിലെ ഹരിതം
അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് കൈമാറുകയും ജൈവ മാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. ഹരിതചട്ടം പൂർണമായി പാലിച്ചുകൊണ്ടുള്ള പ്രവർത്തനം ഉറപ്പാക്കും.
അഞ്ച് ഹരിത കോളേജുകൾ
1. റാന്നി സെന്റ് തോമസ് കോളേജ്, 2.തിരുവല്ല മാക്ഫാസ്റ്റ്, 3.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, 4.തുരുത്തിക്കാട് ബി.എ.എം കോളേജ്, 5.കോഴഞ്ചേരി സെന്റ് തോമസ് കോളേജ്.
കോളേജുകളുടെ നാക് അക്രഡിറ്റേഷന് ഹരിത ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. അക്രഡിറ്റേഷന് പോയിന്റുകൾ ലഭിക്കുന്നതിനാൽ കോളേജുകൾ ഹരിതചട്ടം പാലിക്കാൻ മുന്നാേട്ടു വന്നിട്ടുണ്ട്. ജില്ലയിൽ അഞ്ച് ഹരിത കോളേജുകളാണ് നിലവിലുള്ളത്.
ഹരിതചട്ടം പാലിക്കുന്നതിന് കൂടുതൽ വിദ്യാലയങ്ങൾ മുന്നോട്ടു വന്നു. വാർഷിക പരീക്ഷയ്ക്ക് മുൻപ് കൂടുതൽ സ്കൂളുകൾ ഹരിത വിദ്യാലയങ്ങളാകും. ജി.അനിൽകുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ