
പ്രമാടം : നഷ്ടമാകുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കാൻ കൃഷി വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി തദ്ദേശവകുപ്പ് തുടക്കമിട്ട കിഴങ്ങുഗ്രാമം പദ്ധതി പ്രതിസന്ധിയിൽ. തുടർച്ചയായ മഴയും കാട്ടുപന്നി ശല്യവും പ്രതിസന്ധികൾക്ക് കാരണമാകുകയായിരുന്നു. ഓണത്തിന് വിളവെടുപ്പ് നടത്തുകയായിരുന്നു ലക്ഷ്യമെങ്കിലും കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് മൂലം വിളകൾ നശിച്ചു. കൂടാതെ കാട്ടുപന്നികളുടെ ശല്യവും വിനയായി.
കിഴങ്ങുഗ്രാമം ?
ഓണവിപണി ലക്ഷ്യമിട്ട് കഴിഞ്ഞ മാർച്ചിലാണ് കിഴങ്ങുഗ്രാമം പദ്ധതി നടപ്പാക്കിയത്. ചേന, ചീമച്ചേമ്പ്, ഇഞ്ചി, വയനാടൻ മഞ്ഞൾ, കാച്ചിൽ, കിഴങ്ങ് എന്നിവയുടെ വിത്തുകൾ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകിയായിരുന്നു തുടക്കം. വാർഡുസഭകളിൽ അപേക്ഷ നൽകിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആദ്യഘട്ടം വിത്തുകൾ നൽകിയെങ്കിലും മികച്ച പ്രതികരണം ലഭിച്ചതോടെ കൂടുതൽ ആളുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു.
നഷ്ടപ്രതാപം വീണ്ടെടുക്കാൻ
ഒരുകാലത്ത് കിഴങ്ങുവർഗവിളകളുടെ ഉല്പാദനത്തിലും വിതരണത്തിലും മുൻപന്തിയിലായിരുന്നു മലയോര ജില്ലയായ പത്തനംതിട്ട. കർഷകർ കൃഷി ചെയ്യുന്ന കിഴങ്ങുവർഗങ്ങൾ ഓമല്ലൂർ വയൽവാണിഭത്തിലും ദൂരെസ്ഥലങ്ങളിലും എത്തിച്ച് വിപണനം നടത്തിയിരുന്നു. എന്നാൽ കാലക്രമേണ ഉല്പാദനം കുറയുകയും കർഷകർ ലാഭകരമായ മറ്റ് കൃഷികളിലേക്ക് മാറുകയും ചെയ്തു. കാട്ടുപന്നികളുടെ കടന്നുകയറ്റമാണ് കർഷകരെ കിഴങ്ങുവർഗ കൃഷിയിൽ നിന്ന് പ്രധാനമായും പിന്തിരിപ്പിച്ചത്. കാർഷിക വിളകളുടെ വില വർദ്ധനവും നാടൻ ഉല്പന്നങ്ങളുടെ കുറവുമാണ് വീണ്ടും കിഴങ്ങുഗ്രാമം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചത്.
ഭീഷണിയാകുന്ന കാട്ടുപന്നികൾ
ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നിശല്യമുണ്ട്. രാത്രിയിൽ കൂട്ടമായി എത്തുന്ന ഇവ വൻതോതിലാണ് വിളകൾ നശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കിഴങ്ങു കൃഷികളിൽ നിന്ന് വീണ്ടും കർഷകർ പിൻമാറുന്ന അവസ്ഥയിലാണ്. പന്നിയെ തുരത്താനുള്ള മാർഗങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല.