
പത്തനംതിട്ട : കുലശേഖരപതിയിൽ ജില്ലാ കളക്ടർക്കായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച ഒൗദ്യോഗിക വസതിയുടെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ഹരിതചട്ടപ്രകാരം നിർമിച്ച പൊതുമരാമത്ത് വകുപ്പിന്റെ ആദ്യകെട്ടിടമാണിത്. പ്രാദേശികമായി ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കൾ, കാർബൺ വികിരണം കുറയ്ക്കാൻ സഹായിക്കുന്ന ലോ വോളടൈൽ പെയിന്റ് എന്നിവ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തികൾ നടത്തിയിട്ടുള്ളത്. സോളാർ പാനലുകൾ, വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന ലോ ഫ്ലോ പ്ലമിംഗ് എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. മന്ത്രി വീണാജോർജ് അദ്ധ്യക്ഷയായിരുന്നു. മാത്യു ടി.തോമസ് എം.എൽ.എ, നഗരസഭാ അദ്ധ്യക്ഷൻ ടി.സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, വാർഡ് കൗൺസിലർ എസ്.ഷൈലജ, തിരുവല്ല സബ്കളക്ടർ സുമിത് കുമാർ ഠാക്കൂർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ വി.കെ.ജാസ്മിൻ, എ.ഡി.എം ബി.ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട കുലശേഖരപതിയിൽ മിൽമയുടെ കൈവശമുണ്ടായിരുന്ന 29.54 ആർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്താണ് ജില്ലാ കളക്ടറുടെ ഒദ്യോഗിക വസതി നിർമിച്ചിട്ടുള്ളത്.
പദ്ധതി ചെലവ് : 1.24 കോടി രൂപ, കെട്ടിട വിസ്തീർണം : 450 സ്വ.മീ,
ഓഫീസ്, വസതി എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു.
ഹരിതചട്ടം പാലിച്ച് സങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റമറ്റതും ഗുണമേന്മയുള്ളതുമായ നിർമാണരീതികൾ സജീവമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
മന്ത്രി പി.എ.മുഹമ്മദ് റിയാസ്, പത്തനംതിട്ട