vallam

പത്തനംതിട്ട : നീരേറ്റുപുറം ജനകീയ ജലോത്സവ സമിതിയുടെ നേതൃത്വത്തിൽ പമ്പ

ജലമേള പതിനഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. 9 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 40 കളിവള്ളങ്ങൾ പങ്കെടുക്കും. ജലഘോഷയാത്രയിൽ വിവിധ ഫ്ലോട്ടുകൾ അണിനിരക്കും. മന്ത്രിമാരായ സജി ചെറിയാൻ, വീണാജോർജ്, എം.ബി.രാജേഷ്, റോഷി അഗസ്റ്റിൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.പിമാർ, എം.എൽ.എമാർ, വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും. കഴിഞ്ഞ വർഷത്തെ ജനകീയ ട്രോഫി കരസ്ഥമാക്കിയ തലവടി ചുണ്ടന്റെ ക്യാപ്ടൻ തുഴച്ചിൽക്കാർക്ക് സത്യ വാചകം ചൊല്ലിക്കൊടുക്കും. 10 മുതൽ 14 തീയതി വരെ നീന്തൽ മത്സരം, ചെറുവള്ളങ്ങളുടെ തുഴച്ചിൽ പരിശീലനം, കയാക്കിംഗ് കനോയിങ് എന്നീ പരിപാടികൾ നടക്കും.

അത്തപ്പൂവിടൽ മത്സരം, കുട്ടനാടൻ. ആറൻമുള വഞ്ചിപ്പാട്ട് മത്സരം, വിദ്യാർത്ഥി വിഭാഗം വഞ്ചി പ്പാട്ട് മത്സരം, ചിത്രരചനാ മത്സരം, വള്ളംകളിയും ടൂറിസം എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം, വിവിധ കലാ സംസ്‌കാരിക പരിപാടികൾ, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. പരിപാടികൾ നീരേറ്റുപുറം എ.എൻ.സി ജംഗ്ഷനിലും നീരേറ്റുപുറം ടാക്‌സി സ്റ്റാൻഡിലും നടത്തും. വള്ളങ്ങളുടെ ജോഡി തിരിച്ചുള്ള നറുക്കെടുപ്പ് 10ന് വൈകിട്ട് 5ന് നടക്കും. അതിനോടനുബന്ധിച്ച് ക്യാപ്ടൻസ് ക്ലിനിക്കുമുണ്ടാകും. വിശദമായ ക്രമീകരണങ്ങൾ നടന്നുവരുന്നതായി ചെയർമാൻ റെജി എബ്രഹാം തൈക്കടവിൽ, ജനറൽ സെക്രട്ടറി പ്രകാശ് പനവേലി, വൈസ് ചെയർമാൻ ബാബു വലിയവീടൻ, ജനറൽ കൺവീനർമാരായ ബിജു പാലത്തിങ്കൽ, അജിത് കുമാർ പിഷാരത് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.