
പത്തനംതിട്ട : ഇത്തവണയും ഒാണാഘോഷത്തിന്റെ ഭാഗമാകാൻ മാവേലി തമ്പുരാൻ എത്തും. അതും അടൂരിൽ നിന്ന്. 38 വർഷമായി കേരളക്കരയാകെ അടൂർ സുനിൽകുമാറിന്റെ മാവേലി വേഷം ശ്രദ്ധേയമാണ്. 28 ദിവസത്തെ വ്രതാനുഷ്ഠാനം കഴിഞ്ഞ് സുനിൽകുമാർ മാവേലി വേഷം അണിഞ്ഞ് നാടുകാണാനിറങ്ങി. ആടയാഭരണങ്ങൾ എല്ലാം രാജകീയ പ്രൗഢിയോടെ തിളങ്ങണമെന്നാണ് സുനിൽ കുമാറിന്റെ ആഗ്രഹം.
ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ ക്ഷണപ്രകാരം 18 വർഷമായി ഉത്രട്ടാതി ജലമേളയിൽ മാവേലി വേഷധാരിയായി സുനിൽകുമാർ എത്താറുണ്ട്. 2012ലെ അത്തച്ചമയ മഹോത്സവ മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. മാവേലിയുടെ കിരീടത്തിലെ പുതുമയാണ് ഇക്കൊല്ലത്തെ പ്രധാന ആകർഷണീയത. അർജുനൻ, ഭീമൻ തുടങ്ങിയ ഇതിഹാസ പുരുഷൻമാരുടെ കിരീടവുമായി സാദൃശ്യമുള്ളതാണ് സുനിൽ അണിയുന്ന കിരീടം. പത്തുവർഷം കൂടുമ്പോൾ കിരീടം മാറ്റി പുതിയതാക്കും. മാവേലി അണിയുന്നത് വിവിധതരത്തിലുള്ള മാലകളാണ്. ഇതിലെ ഒരു കിലോഗ്രാം മുത്തിന് 3000 രൂപയും പട്ടുസാരികൾക്ക് സെറ്റിന് 10,000 രൂപയും വേണം. തയ്യൽക്കൂലിയായി 4000 രൂപ വീതവും കണ്ടെത്തണം. മാവേലി വേഷത്തിൽ എത്തുമ്പോൾ കുറഞ്ഞത് 85,000 രൂപ ചെലവാകുമെന്ന് സുനിൽ പറഞ്ഞു.
പ്രണബ് മുഖർജി രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ രാഷ്ട്രപതി ഭവനിൽ മാവേലി വേഷത്തിലെത്താനായത് ജീവിതത്തിലെ അപൂർവ മുഹൂർത്തമാണ്.
സുനിൽകുമാർ