മല്ലപ്പള്ളി: എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം ബഹിഷ്കരിച്ച് വിട്ടുനിന്നു. നിലവിലുള്ള ഭരണ പ്രതിസന്ധി പരിഹരിക്കാതെ ഈ തിരഞ്ഞെടുപ്പ് നടത്തിയതിലുള്ള പ്രതിഷേധ സൂചകമായിട്ടാണ് ബഹിഷ്കരണം. വെറും സ്ഥാനലബ്ദിക്കുമാത്രം ലക്ഷ്യം വച്ച് മുൻധാരണപ്രകാരം നിശ്ചയിച്ച സ്ഥാനം വീതംവയ്പ്പ് നടത്തുന്നതിനുവേണ്ടി നടത്തുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നു പ്രതിപക്ഷം വാദിച്ചു. കഴിഞ്ഞ ആറു മാസമായി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനില്ല. ഇതുമൂലം കഴിഞ്ഞ സാമ്പത്തിക വർഷം 72 ലക്ഷം രൂപയാണ് സ്പിൽ ഓവറായത്. ഇതുമൂലം ഗുരുതരമായ വികസന മുരടിപ്പാണ് പഞ്ചായത്തിനുള്ളത്. ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി കൂടിയിട്ട് ആറു മാസമായെന്നും അവിടെയും ചെയർമാനില്ലായെന്നും പ്രതിപക്ഷം ആരോപിച്ചു. നിലവിൽ പഞ്ചായത്തിലെ നാലിൽ മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളും പ്രതിസന്ധിയിലാണ്. ഇതുകൊണ്ടാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതെന്ന് അംഗങ്ങളായ അനിൽകുമാർ, സുഗതകുമാരി, കൃഷ്ണകുമാർ, ജോബി പി.ഏബ്രഹാം, അജികുമാർ, ശ്രീജ ടി.നായർ എന്നിവർ അറിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തി ഭരണ സ്തംഭനത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടിക്ക് രൂപം കൊടുക്കുമെന്ന് ബി.ജെ.പി തെള്ളിയൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ കെ.എൻ രാധാകൃഷ്ണൻ പറഞ്ഞു.