മല്ലപ്പള്ളി: ഒരുകാലത്ത് കാർഷിക സംസ്കൃതിയെ വിളിച്ചോതുന്ന ഘടകമായിരുന്ന ആലകൾ ഇന്ന് വിസ്മൃതിയിലേക്ക് മറയുകയാണ്. കൊല്ലപ്പുരകളിലെ ഉലയും, ചുറ്റികത്താളവും പുതുതലമുറയ്ക്ക് അന്യമാകുമ്പോഴും മൂന്ന് പതിറ്റാണ്ടായി വെണ്ണിക്കുളം പുത്തൻ പുരയ്ക്കൽ വീട്ടിൽ ഹരികുമാർ (52) ബഥനിപ്പടിയിൽ കൊല്ലപ്പണിയിൽ ഇന്നുമുണ്ട് ആലയിൽ. പിതാവ് പരേതനായ ശിവനിൽ നിന്നാണ് കൊല്ലപ്പണി പഠിച്ചത്. കൃഷി മുഖ്യ ജീവിതമാർഗമായിരുന്ന കാലത്ത് പണിയായുധങ്ങൾ നിർമ്മിക്കാനും, മൂർച്ച കൂട്ടാനും തിരക്കെറെയായിരുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങൾ കാർഷിക ഉത്പ്പന്നങ്ങൾ നിർമ്മിക്കാൻ തുടങ്ങിയതോടെ മൊട്ടുസൂചി മുതൽ തോക്ക് വരെ നിർമ്മിച്ചിരുന്ന ആലകൾ ഇല്ലാതായി. മല്ലപ്പള്ളി താലൂക്ക് പ്രദേശത്ത് നിരവധി ആലകളിൽ ഭൂരിഭാഗവും അടച്ചുപൂട്ടി. വിരലിൽ എണ്ണാവുന്നവ മാത്രമാണ് പ്രവർത്തിക്കുന്നത്. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അച്ഛനോടൊപ്പം പണി പഠിക്കുമ്പോൾ രാത്രി ഏറെ വൈകിയും തീരാത്തത്ര പണികൾ നടന്നിരുന്നതായി ഹരി ഓർക്കുന്നു.
ചെയ്യുന്ന ജോലിക്കനുസരിച്ച് വേതനമില്ല
കത്തിക്കും, വെട്ടുകത്തിക്കും മൂർച്ച കൂട്ടുന്നതിനായി 150 രൂപ മുതൽ 200 രൂപ വരെ ഇടാക്കും. ഒരു കത്തി മൂർച്ച കൂട്ടാനായി ഒന്നരമണിക്കൂർ വരെ സമയം എടുക്കും. ഉലയുടെ സഹായത്തോടെ ആയുധം കനലിൽ ചുട്ടെടുത്തശേഷം പഴുപ്പിച്ച് കാഠിന്യം കൂട്ടുന്നതിനായി വെള്ളത്തിൽ വയ്ക്കും ശേഷം അടക്കല്ലിൽ വച്ച് ചുറ്റിക കൊണ്ടടിച്ച് ആകൃതി വരുത്തും. ഇത്രയും ജോലി ആയുധം മൂർച്ച വയ്ക്കാനും ചെയ്യണം. കത്തി, വെട്ടുകത്തി, വാൾ,അരിവാൾ, വാക്കത്തി, തൂമ്പ, മൺവെട്ടി,മഴു, താഴുകൾ തുടങ്ങിയ നിരവധി ഉപകരണങ്ങളാണ് ആലയിൽ ഉണ്ടാക്കിയിരുന്നത്. കാർഷികോല്പന്നമായ കലപ്പയും , ഇരുമ്പ് ഉപകരണങ്ങളും ആലയിൽ രൂപപ്പെട്ടതാണ്. എന്നാൽ ഇവയെല്ലാം ഇന്ന് ആധുനിക വ്യവസായശാലകളിൽ നിർമ്മിക്കുന്നതിനാൽ ആലകൾ കടുത്ത പ്രതിസന്ധിയിലായി.
........................................
കാട് വെട്ടിയന്ത്രം, ട്രില്ലറുകൾ എന്നിവ കാർഷികരംഗം കീഴടക്കിയതോടെ ആലകളിലെ പണിയും ഗണ്യമായി കുറഞ്ഞു. വരുമാനം തീരെ കുറവാണ്. സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. പുതുതലമുറയും കുലത്തൊഴിലിനെ ഒഴിവാക്കി.
(ഹരികുമാർ)
...................
ത്തിക്കും, വെട്ടുകത്തിക്കും മൂർച്ച കൂട്ടുന്നതിനായി
150 രൂപ മുതൽ 200 രൂപ വരെ