waste
കവിയൂരിലെ പാറക്കുളത്തിൽ മാലിന്യം തള്ളിയ നിലയിൽ

തിരുവല്ല : കവിയൂർ പഞ്ചായത്തിലെ ജനവാസ മേഖലയിലെ പാറക്കുളത്തിൽ മാലിന്യം തള്ളി. പഞ്ചായത്തിലെ 11 -ാം വാർഡിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പാറക്കുളത്തിലാണ് പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത്. കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും പാറക്കുളത്തിലെ വെള്ളം പ്രദേശവാസികൾ ഉപയോഗിച്ചിരുന്നതാണ്. മാലിന്യനിക്ഷേപം കാരണം വെള്ളവും ഉപയോഗശൂന്യമായി. മഴക്കാലത്ത് പാറക്കുളം മാലിന്യ നിക്ഷേപക കേന്ദ്രമായതോടെ പ്രദേശവാസികൾ പകർച്ചവ്യാധി ഭീഷണിയിലാണ്. രാത്രി വൈകി വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങളാണ് ഇവിടെ ഉപേക്ഷിക്കുന്നത്. മാലിന്യ സംഭരണ കേന്ദ്രമായി മാറിയതിലൂടെ പാറക്കുളം നിറഞ്ഞ് നീർത്തട ഭൂമിയായി മാറിയിട്ടുണ്ട്. മാലിന്യനിക്ഷേപം സമീപത്തെ വീടുകളിലെ കിണർ വെള്ളവും മലിനമാകാൻ കാരണമായി. കവിയൂർ പുഞ്ചയിലേക്കും ഇവിടെ നിന്ന് മാലിന്യം ഒഴുകിയെത്തുന്നു. ഏറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് മാർത്തോമ്മാ വലിയപള്ളി, പ്ലൈവുഡ് ഫാക്ടറി, സത്യം മിനിസ്ട്രീസിന്റെ ഹോസ്റ്റൽ, സ്കൂൾ എന്നിവയുമുണ്ട്. മാലിന്യ നിക്ഷേപ കേന്ദ്രത്തിനെതിരെ പ്രദേശവാസികൾ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കവിയൂർ ഗ്രാമപഞ്ചായത്ത് അധികൃതർ.