road

പത്തനംതിട്ട : ഭർത്താവിനൊപ്പം ബൈക്കിൽ ഡോക്ടറെ കാണാനെത്തിയ വീട്ടമ്മയുടെ കാൽ വഴിയരികിലെ സ്ലാബിനിടയിൽ കുടുങ്ങി. ഓമല്ലൂർ ആറ്റുതീരം തോട്ടത്തിൽ വീട്ടിൽ റിട്ടേർഡ് വിജിലൻസ് എസ്.െഎ പത്മകുമാറിന്റെ ഭാര്യ ബീന (51) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.50ന് പത്തനംതിട്ട നഗരത്തിലെ ഡോക്ടേഴ്സ് ലൈനിലാണ് സംഭവം. പനിക്ക് ചികിത്സതേടി ഡോക്ടേഴ്സ് ലൈനിൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടറുടെ അടുത്തേക്ക് എത്തിയതായിരുന്നു ബീനയും ഭർത്താവും. ബൈക്കിൽ നിന്ന് ഇറങ്ങുന്നതിനിടെ ബീനയുടെ വലതുകാൽ ഓടയുടെ സ്ലാബുകൾക്കിടെ കുടുങ്ങുകയായിരുന്നു. വീതികുറഞ്ഞ റോഡിന്റെ വശത്ത് പുല്ലു വളർന്നിരുന്നതിനാൽ സ്ലാബിനിടയിലെ വിടവ് കാണാൻ കഴിഞ്ഞില്ല. കണ്ടുനിന്നവർ സ്ലാബ് നീക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഇരുമ്പു കമ്പി ഉപയോഗിച്ച് സ്ലാബ് ഉയർത്തി നീക്കിയാണ് രക്ഷപ്പെടുത്തിയത്. കാലിന് പരിക്കേറ്റ ബീനയെ ഫയർഫോഴ്സ് സ്‌ട്രെച്ചറിൽ കിടത്തി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

ഡോക്ടേഴ്സ് ലൈൻ ദുഷ്കരം
പത്തനംതിട്ട നഗരത്തിൽ കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന ഇടറോഡുകളിലൊന്നാണ് ഡോക്ടേഴ്സ് ലൈൻ. ജനറൽ ആശുപത്രിയിൽ നിർമ്മാണം നടക്കുന്നതിനാൽ ഡോക്ടേഴ്സ് ലൈനിലെ കോൺക്രീറ്റ് റോഡാണ് ആശുപത്രിയിലേക്കുള്ള പാതയായി ഉപയോഗിക്കുന്നത്. വീതികുറഞ്ഞ ഈ റോഡിലാണ് ആംബുലൻസ് ഉൾപ്പടെ പാർക്കു ചെയ്യുന്നത്. ഡോക്ടേഴ്സ് ലൈനിലാണ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസും നടത്തുന്നത്. ഇക്കാരണത്താൽ ഏതു സമയവും ഇവിടെ വലിയ തിരക്കാണ്. തിരക്കേറിയിട്ടും റോഡിൽ അറ്റകുറ്റപ്പണി നടത്തുകയോ കാടുകൾ തെളിക്കുകയോ ചെയ്തിട്ടില്ല.

അപകടം ഇന്നലെ വൈകിട്ട് 5.50ന്, പത്തനംതിട്ട ഡോക്ടേഴ്സ് ലൈനിൽ