
കോന്നി : കോന്നി ഗവ.മെഡിക്കൽ കോളേജ് സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായി ഒ.പി ടിക്കറ്റ് ബുക്കിംഗിന് ഇ ഹെൽത്ത് സംവിധാനം ഏർപ്പെടുത്തി. വീട്ടിൽ ഇരുന്നും ഇനി മുതൽ ഒ.പി ടിക്കറ്റിന് ബുക്ക് ചെയ്യാനാകും. ആരോഗ്യവകുപ്പിന്റെ ഇ ഹെൽത്ത് സൈറ്റിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ചും ജനസേവന കേന്ദ്രങ്ങൾ വഴിയും ഇൗ സേവനം പ്രയോജനപ്പെടുത്താം. ഓൺ ലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ തിക്കും തിരക്കും പരിഹരിക്കാൻ കഴിയും. ഓൺലൈൻ വഴി എടുക്കുന്ന ടിക്കറ്റിൽ പരിശോധനാ സമയം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ സമയം ആശുപത്രിയിൽ എത്തിയാൻ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
ആശുപത്രി പ്രവർത്തനം വിലയിരുത്തി
മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനങ്ങളും നിർമ്മാണ പുരോഗതിയും അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ആശുപത്രി വികസന സൊസൈറ്റി യോഗം വിലയിരുത്തി. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് എം.എൽ.എ നിർദ്ദേശം നൽകി. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ , മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.തോമസ് മാത്യു, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സെസ്സി ജോബ്, മെഡിക്കൽ സൂപ്രണ്ട് ഡോ.എ.ഷാജി , ആരോഗ്യമന്ത്രിയുടെ പ്രതിനിധി പി.ജെ.അജയകുമാർ, എം.പിയുടെ പ്രതിനിധി എസ്.സന്തോഷ് കുമാർ,പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ.ജാസ്മിൻ എന്നിർ പങ്കെടുത്തു.
ഉടൻ പൂർത്തിയാകുന്ന പദ്ധതികൾ
മോർച്ചറിയും പോസ്റ്റുമോർട്ടം സംവിധാനങ്ങളും
പുതിയ അക്കാദമിക്ക് ബ്ലോക്ക്
200 കിടക്കകളോടുകൂടിയ ആശുപത്രി കെട്ടിടം.
ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ
ജീവനക്കാർക്കും ഡോക്ടർമാർക്കുമുള്ള ഫ്ളാറ്റുകൾ.
മോഡുലാർ ഓപ്പറേഷൻ തിയേറ്റർ.
ചുറ്റുമതിൽ, ഗേറ്റ്, പ്രവേശന കവാടം
800 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം
എക്സാമിനേഷൻ ഹാൾ
പാർക്കിംഗ് ലോജ്
ജീവനക്കാർ യഥാസമയം ജോലിക്ക് വരുന്നുണ്ടെന്നും രോഗികൾക്ക് തൃപ്തികരമായ സേവനം ലഭിക്കുന്നുണ്ടെന്നും സൂപ്രണ്ട് ഉറപ്പ് വരുത്തണം. വികസനത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണം.
അഡ്വ.കെ.യു. ജനീഷ് കുമാർ.എം.എൽ.എ