
പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ഒ.പി ബ്ലോക്കിന്റെ 111 പൈലിംഗ് പൂർത്തിയായി. ഭാരം കയറ്റി പൈലിംഗിന്റെ ബല പരിശോധന നടക്കുകയാണിപ്പോൾ. ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമ്മാണത്തിനായി 1600 ലോഡ് മണ്ണ് നീക്കണം. ഇതിനായുള്ള ജോലികൾ പുരോഗമിക്കുന്നുണ്ട്. 51,000 ചതുരശ്ര അടി വിസ്തീർണത്തിൽ 23.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമ്മിക്കുന്നത്. നാലു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കാർ പാർക്കിംഗ്, ഗ്രൗണ്ട് ഫ്‌ളോറിൽ ആധുനിക ട്രോമാകെയർ സൗകര്യങ്ങളോടു കൂടിയുള്ള അത്യാഹിത വിഭാഗം, ഐസലേഷൻ വാർഡ്, മൈനർ ഓപ്പറേഷൻ തീയറ്റർ, പ്ലാസ്റ്റർ റൂം, ഡോക്ടേഴ്‌സ് റൂം, നേഴ്‌സസ് റൂം, ഫാർമസി എന്നിവയുണ്ടാകും. ഒന്നാം നിലയിൽ ഐ.സിയു, എച്ച്.ഡി.യു, ഡയാലിസിസ് യൂണിറ്റ്, ആർ.എം.ഒ ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും രണ്ടാം നിലയിൽ ഐസൊലേഷൻ റൂം, ഐസൊലേഷൻ വാർഡ്, എമർജൻസി പ്രൊസീജിയർ റൂം, ഡോക്ടേഴ്‌സ് റൂം, രോഗികൾക്കും ജീവനക്കാർക്കും വേണ്ടിയുളള ഡൈനിംഗ് റൂം എന്നിവയുമാണ് ക്രമീകരിക്കുന്നത്. 22.16കോടി രൂപ മുതൽ മുടക്കിയാണ് 31,200 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ ഒ.പി കെട്ടിടം നിർമ്മിക്കുന്നത്. ഈ കെട്ടിടത്തിൽ 20 ഒ.പി മുറികൾ, മൈനർ ഓപ്പറേഷൻ തീയറ്റർ, വാർഡുകൾ, ഒബ്‌സർവേഷൻ മുറികൾ, ഫാർമസി, റിസപ്ഷൻ, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും.
ഡോക്ടേഴ്സ് ലെയിൻ റോഡിൽ കൂരിരുട്ട്
നിർമ്മാണം നടക്കുന്നതിനാൽ ആശുപത്രിയിലേക്കുള്ള പ്രവേശനം ഡോക്ടേഴ്സ് ലെയിൻ റോഡ് വഴിയാണ്. ഈ റോഡിൽ രാത്രിയായൽ വെളിച്ചമില്ലാത്തത് ആശുപത്രിയിലെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വാഹനങ്ങൾ കടന്നു പോകുന്ന വെളിച്ചത്തിലാണ് ഇതുവഴി രാത്രി ആളുകൾ നടന്ന് പോകുന്നത്. മഴയത്ത് ഇവിടെ നിറയെ വെള്ളക്കെട്ടുമാണ്.
ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കൃത്യമായ പരിശോധനകൾ നടത്തി മികച്ച കെട്ടിടമായി നിർമ്മാണം പൂർത്തീകരിക്കാനാണ് ശ്രമം.
(ജനറൽ ആശുപത്രി അധികൃതർ)
..........................
നിർമ്മാണച്ചെലവ് 23.75 കോടി രൂപ