
മല്ലപ്പള്ളി :രണ്ട് വർഷങ്ങൾക്കു മുമ്പ് പ്രളയത്തിൽ അപ്രോച്ച് റോഡ് തകർന്ന കോമളം പാലത്തിന്റെ സ്ഥാനത്ത് പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.പ്രളയത്തിൽ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ 35 മീറ്ററോളം ഭാഗമാണ് ഒഴുകിപ്പോയത്. ആദ്യഘട്ടത്തിൽ തന്നെ സംസ്ഥാന ബഡ്ജറ്റിൽ 20 ശതമാനം തുക പാലത്തിനായി അനുവദിച്ചിരുന്നു.ഇതിനുപുറമേ മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പഠനങ്ങളും എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു.പിന്നീട് കൂടുതൽ തുകയും പാലത്തിനായി അനുവദിച്ചു.അഞ്ചു കോടി രൂപയ്ക്ക് മുകളിലുള്ള നിർമ്മാണത്തിന് പ്രത്യേക അനുമതി ആവശ്യമുള്ളതിനാൽ അതിനുള്ള അനുമതിയും ലഭ്യമാക്കിയ ശേഷമാണ് ഭരണാനുമതി നൽകിയത്. 2021 ഒക്ടോബർ മാസത്തിലെ മഹാപ്രളയത്തിലാണ് മണിമലയാർ കരകവിഞ്ഞ് അപ്രോച്ച് റോഡ് ഒഴുകിപ്പോയത്.ഇതോടെ പാലത്തിന്റെ ഭാഗം വേർപെടുകയും ഇതുവഴി സഞ്ചരിക്കുവാൻ പൂർണമായി കഴിയാതെയുമായി . തുരുത്തിക്കാട്, അമ്പാട്ടുഭാഗം, കുംഭമല, കോമളം എന്ന സ്ഥലങ്ങൾ പൂർണമായി ഒറ്റപ്പെട്ടു.വെണ്ണിക്കുളം ഗവ.പോളിടെക്നിക്,സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ ,തുരുത്തിക്കാട് ബി എ എം കോളേജ്,കല്ലൂപ്പാറ എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും , അദ്ധ്യാപകരും ,പ്രദേശവാസികളുമാണ് യാത്രാദുരിതം മൂലം ഏറെ വലഞ്ഞത്.ഇവർ യാത്രയ്ക്കായി മൂന്ന് മുതൽ അഞ്ച് കിലോമീറ്റർ അധികദൂരം സഞ്ചരിക്കേണ്ടി വന്നു. ഇതോടെ അപ്രോച്ച് റോഡ് പുനസ്ഥാപിക്കണമെന്നും,താത്കാലിക പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയസമിതി സമരപരിപാടികൾ ആരംഭിച്ചെങ്കിലും എം എൽ എ പുതിയ പാലം എന്ന നിലപാടിൽ ഉറപ്പിച്ചതോടെയാണ് പുതിയപാലം കോമളത്ത് യാഥാർത്ഥ്യമാകുന്നത്. ഇരുകരളിലുമായി 13.325 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളുടെയും നദിയിൽ 12.5മീറ്റർ നീളമുള്ള രണ്ട് ലാൻഡ് സ്പാനുകളുടെയും നിർമ്മാണം പൂർത്തിയായി. കൂടാതെ നദിയിൽ നിന്നും 32 മീറ്റർ നീളമുള്ള ഒരു സ്പാനും 30.725 മീറ്റർ നീളത്തിൽ രണ്ട് സ്പാനും ഉൾപ്പെടെ ആകെ ആറ് സ്പാനുകളിലായിട്ടാണ് പാലത്തിന്റെ നിർമ്മാണം.
-----------------------
നിർമ്മാണ ചിലവ് :10.18 കോടി
നീളം :132.6 മീറ്റർ
വീതി : 11 മീറ്റർ
കാര്യേജ് വേ: 7.5 മീറ്റർ
ഇരുവശങ്ങളിലുമായ നടപ്പാത : 1.5 മീറ്റർ
നിർമ്മാണ കാലാവധി 18 മാസം.
വെള്ളപ്പൊക്കം തടസം
അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായി. എങ്കിലും 2025 മാർച്ചിന് മുമ്പായി പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുവാൻ കഴിയുമെന്നാണ് പ്രാഥമികമായ വിലയിരുത്തൽ.