
പത്തനംതിട്ട : മന്ത്രിയുടെ വരവോടെ സുബലാ പാർക്കിന് വീണ്ടും പ്രതീക്ഷ. മന്ത്രി ഒ. ആർ. കേളുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുബലാ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്ന് നൽകാൻ തീരുമാനിച്ചത്.
മൂന്നുപതിറ്റാണ്ടായി പത്തനംതിട്ട സുബല പാർക്ക് നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ നിലച്ചിട്ട്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാണ് സുബലാ ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. ഏറെ പ്രതീക്ഷ നൽകിയ പദ്ധതി അധികൃതരുടെ അലംഭാവം മൂലം ഒന്നാംഘട്ടത്തിൽ തന്നെ നിലച്ചു.
2021ൽ സുബലാ പാർക്കിന്റെ ഒന്നാംഘട്ട പണികൾ പൂർത്തിയാക്കി തുറന്നു നൽകിയെങ്കിലും അധികം താമസിയാതെ വീണ്ടും അടച്ചു. പൊതുപരിപാടികൾക്കും കല്യാണങ്ങൾക്കും ഓഡിറ്റോറിയം ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനാവശ്യമായ ഫർണിച്ചറിനും സെക്യുരിറ്റിക്കും സി.സി.ടി.വിക്കുമൊക്കെയായി മുപ്പത് ലക്ഷം രൂപയുടെ പദ്ധതി പട്ടികജാതി വകുപ്പ് സർക്കാരിന് സമർപ്പിച്ചെങ്കിലും അതും എങ്ങുമെത്തിയില്ല. മന്ത്രിയുടെ വരവോടെ അധികം താമസിക്കാതെ സുബലയ്ക്ക് പുതു ജീവൻ വെയ്ക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
പദ്ധതിയിൽ ഉൾപ്പെടുന്നത്
ഗേറ്റ് വേ, കൺവെൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫി ഏരിയ, കുളം നവീകരണം, ബോട്ടിംഗ്, എക്‌സിബിഷൻ സ്‌പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, തീയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ.
സുബല പാർക്കിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ മൂന്നു മാസത്തിനുള്ളിൽ നടപ്പാക്കും.
മന്ത്രി ഒ. ആർ. കേളു