കോന്നി : മലയോര ടൂറിസത്തിന് വലിയ പ്രതീക്ഷ പകർന്ന കാട്ടാത്തിപ്പാറ ഇക്കോ ടൂറിസം പദ്ധതി സഞ്ചാരികൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു.
2006ൽ കോന്നി ആനത്താവളം കേന്ദ്രീകരിച്ച് നടപ്പാക്കിയ ഇക്കോ ടൂറിസം പദ്ധതിയിൽ രണ്ടാംഘട്ടമായി കൊക്കാത്തോട് കാട്ടാത്തിപ്പാറയും ഉൾപ്പെട്ടിരുന്നു. വനത്തിലൂടെയുള്ള ട്രക്കിംഗും പാറയുടെ മുകളിൽ സഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയാണ് പദ്ധതി തയാറാക്കിയത്. വനത്തിലൂടെയുള്ള ജീപ്പ് സഫാരി തുടങ്ങിയെങ്കിലും പിന്നീട് നിലച്ചുപോയി. കോന്നി ആനത്താവളത്തിൽ എത്തുന്ന സഞ്ചാരികളെ പാറയിലേക്ക് ആകർഷിച്ചുള്ള പുതിയ ടൂറിസം പദ്ധതിക്കായിരുന്നു ശ്രമം നടത്തിയത്.
പ്രണയവും പ്രതികാരവും
പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് കാട്ടാത്തിപ്പാറയ്ക്ക് പറയാനുള്ളത്.
പണ്ടുകാലത്ത് പാറയുടെ അടിവാരത്ത് ഒരു കാട്ടാളനും കാട്ടാളത്തിയും വസിച്ചിരുന്നു. അവരുടെ പക്കൽ നിന്ന് വനവിഭവങ്ങൾ വാങ്ങാൻ ഒരു മലഞ്ചരക്ക് വ്യാപാരി പതിവായി കൊക്കാത്തോട്ടിൽ എത്തിയിരുന്നു. സുന്ദരിയായ കാട്ടാളത്തിയോട് പ്രണയം തോന്നിയ വ്യാപാരി, അവളെ സ്വന്തമാക്കാനായി കാട്ടാളനെ കൊന്നുകളഞ്ഞു. തുടർന്ന് കാട്ടാളത്തിയെ വിവാഹം കഴിച്ചയയാൾ വനത്തിനരികിൽ താമസമാക്കി. പുറമേ സ്നേഹഭാവത്തിലായിരുന്നു എങ്കിലും ഭർത്താവിനെ കൊന്നതിന്റെ പക കാട്ടാളത്തിയുടെ മനസിലുണ്ടായിരുന്നു. ദിവസം ചെല്ലുന്തോറും അത് പ്രതികാരമായി വളർന്നു. ഒരു ദിവസം തേനെടുക്കാൻ വ്യാപാരി ഒരു കാട്ടുവള്ളിയിലൂടെ തൂങ്ങി മലയുടെ താഴേക്ക് ഇറങ്ങുകയായിരുന്നു. കിട്ടിയ തക്കത്തിന് വള്ളി മുറിച്ചുവിട്ട് കാട്ടാളത്തി പ്രതികാരം തീർത്തു. അന്നുമുതലാണത്രേ പാറയ്ക്ക് കാട്ടാത്തിപ്പാറയെന്ന് പേരുവന്നത്. പാറയ്ക്കരികിൽ ഇന്നും നിരവധി തേനീച്ചക്കൂടുകൾ കാണാം. പാറയുടെ അടുത്തായി കാട്ടാത്തി ഗിരിവർഗ കോളനിയുമുണ്ട്.
കോന്നിയിൽനിന്ന് 16 കിലോമീറ്റർ സഞ്ചരിച്ചാണ് കാട്ടാത്തിപ്പാറയിലേക്ക് എത്തുന്നത്. കരിപ്പാംതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പാറ. കൊക്കാത്തോട്ടിലെ ജംഗ്ഷനിൽ നിന്ന് കുത്തനെയുള്ള കയറ്റം കയറി വനത്തിനുള്ളിലൂടെ സഞ്ചരിച്ചുവേണം കാട്ടാത്തിപ്പാറയിലെത്താൻ. സഞ്ചാരികൾക്ക് വനം വകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ.
കാട്ടാത്തിപ്പാറ കേന്ദ്രീകരിച്ച് 2006 ൽ നടപ്പാക്കാൻ ഉദ്ദേശിച്ച
ഇക്കോ ടൂറിസം പദ്ധതി പിന്നീട് യാഥാർത്ഥ്യമായില്ല.
സലിൽ വയലത്തല (പരിസ്ഥിതി പ്രവർത്തകൻ)