
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവം 18ന് പമ്പാനദിയുടെ നെട്ടായത്തിൽ നടക്കും. പമ്പാനദിയുടെ ഇരുകരകളിലുമായി റാന്നി മുതൽ ചെന്നിത്തല വരെയുള്ള 52 പള്ളിയോടങ്ങൾ ജലോത്സവത്തിൽ പങ്കെടുക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
എ ബാച്ചിൽ 35, ബി ബാച്ചിൽ 17 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. ഇവയെ ഗ്രൂപ്പുകളാക്കിയാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചിരിക്കുന്നത്. കീക്കൊഴൂർ, പൂവത്തൂർ പടിഞ്ഞാറ്, കടപ്ര കരകൾ പുത്തൻ പള്ളിയോടങ്ങളിലെത്തും.
സത്രക്കടവിൽ നിന്ന് മുകളിലേക്ക് പരപ്പുഴക്കടവ് വരെ ജലഘോഷയാത്രയും പരപ്പുഴക്കടവ് മുതൽ സത്രക്കടവ് വരെ മത്സരവള്ളംകളിയും നടക്കും.
ഇക്കുറി സെമി ഫൈനൽ ഇല്ല
മത്സര വള്ളംകളിയിൽ ഇത്തവണ ഓരോ പള്ളിയോടത്തിന്റെയും ഹീറ്റ്സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനൽ പ്രവേശനം. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തുഴഞ്ഞെത്തുന്ന നാല് പള്ളിയോടങ്ങളെ ഫൈനലിലേക്കു രണ്ട് ബാച്ചുകളിലായി തെരഞ്ഞെടുക്കും. എ ബാച്ച് പള്ളിയോടങ്ങൾക്ക് ലൂസേഴ്സ് ഫൈനലും ഉണ്ടാകും. മുമ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഫൈനലിലേക്ക് അയച്ചിരുന്നത്. ഇതൊഴിവാക്കിയതോടെ സെമിഫൈനൽ മത്സരങ്ങൾ ഉണ്ടാകില്ല.
മത്സരം ടൈമിംഗ് അടിസ്ഥാനത്തിൽ
മത്സരവള്ളംകളി ആധുനിക സംവിധാനങ്ങളോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോട്ടോ ഫിനിഷിൽ ഓരോ വള്ളവും ഫിനിഷിംഗ് പോയിന്റ് കടന്ന സമയം ഡിസ്‌പ്ലേ ബോർഡിൽ രേഖപ്പെടുത്തും. കരകളിൽ നിന്നുള്ള തുഴച്ചിൽകാർ മാത്രമേ പള്ളിയോടങ്ങളിൽ കയറാവൂവെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതു ലംഘിക്കപ്പെടുന്ന പള്ളിയോടങ്ങളെ വിലക്കും.
എ, ബി ബാച്ചുകളിൽ ഒന്നാമതെത്തുന്ന പള്ളിയോടങ്ങൾക്ക് മന്നം ട്രോഫി സമ്മാനിക്കും. ആടയാഭരണങ്ങൾ, അലങ്കാരങ്ങൾ, പാട്ട് തുടങ്ങിയവ വിലയിരുത്തി ആർ.ശങ്കർ സുവർണ ട്രോഫി അടക്കമുള്ളവയും സമ്മാനിക്കും.
നാവികസേനയുടെ അഭ്യാസ പ്രകടനം
ഏറെക്കാലത്തിനുശേഷം ഇക്കുറി നാവികസേനയുടെ അഭ്യാസ പ്രകടനം ഉണ്ടാവും. പ്രാചീന കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, തെയ്യം എന്നിവയുടെ ദൃശ്യാവിഷ്‌കാരവും പമ്പാനദിയിൽ ഒരുക്കും. രാവിലെ 9.30ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പതാക ഉയർത്തും. ക്ഷേത്രാചാരങ്ങൾ പൂർത്തിയാക്കിയായിരിക്കും പള്ളിയോടങ്ങൾ ജലഘോഷയാത്രയ്ക്കായി അണിനിരക്കുക. 1.30ന് ഉദ്ഘാടന സമ്മേളനം. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, മുഹമ്മദ് റിയാസ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, പി പ്രസാദ്, വീണാ ജോർജ്, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ പ്രമോദ് നാരായൺ, മാത്യു ടി. തോമസ്, കെ.യു.ജനീഷ് കുമാർ, എം.എസ്.അരുൺ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ഒളിമ്പ്യൻ ശ്രീജേഷ്, സ്വാമി ഗോലോകാനന്ദ മഹാരാജ്, എൻ.എസ്.എസ് പ്രസിഡന്റ് ഡോ.ശശികുമാർ, എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് കുമാർ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, റെയ്സ് കമ്മിറ്റി കൺവീനർ ബി.കൃഷ്ണകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.