തിരുവല്ല : ഇതിലും ഭേദം പഴയ ആ ഗ്രാവൽ റോഡായിരുന്നു. കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം ഈസ്റ്റ് മുതൽ കീച്ചേരിവാൽകടവ് വരെയുള്ള റോഡിനെ കുറിച്ചാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങളായി റോഡ് തകർന്നുകിടക്കുകയാണ്. പഴയ ടാറിങ് ഇളകി റോഡിന്റെ പലഭാഗങ്ങളിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് റോഡ് പൊളിഞ്ഞുകിടക്കുന്നത്. ഈ റോഡിൽ ഒരു അറ്റകുറ്റപ്പണി നടത്തിയിട്ടും വർഷങ്ങളായി. മഴയെത്തിയാൽ റോഡ് കുളമായി മാറും. കടപ്ര പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെട്ട റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ചു പലതവണ പൊതുമരാമത്ത് അധികൃതർ മുമ്പാകെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. നൂറോളം കുടുംബങ്ങളുടെ ഏക യാത്രാമാർഗമാണിത്. റോഡ് നന്നാക്കണം എന്നാവശ്യപ്പെട്ട് കടപ്ര പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും അപേക്ഷ നൽകിയിട്ടും അധികൃതർ നിസ്സംഗത തുടരുകയാണ്. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോറിക്ഷപോലും ഇതുവഴി വരാൻ മടിക്കുകയാണ്. മഴക്കാലമായാൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴി തിരിച്ചറിയാതെ അപകടങ്ങൾക്കും സാദ്ധ്യതയേറെയാണ്. കഴിഞ്ഞദിവസം കുറ്റിക്കാട്ടു ചാലിനു സമീപത്തെ കുഴിയിൽവീണ് ബൈക്ക് യാത്രികന് പരിക്കേറ്റു.
ഗതാഗതക്കുരുക്ക് അഴിക്കാം
ഉപദേശിക്കടവ് പാലം പണി യാഥാർത്ഥ്യമാകുന്നതോടെ ഈ റോഡിലും നവീകരണ പ്രവർത്തനങ്ങൾ നടത്തിയാൽ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനാകും. തിരുവല്ല - മാന്നാർ റോഡിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. പഴയ റോഡിന് 13 വർഷത്തിനുമുകളിൽ പഴക്കമുണ്ട്. അതിനുശേഷം ഇതുവരെ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. അടിയന്തരമായി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചെങ്ങന്നൂർ, കുറ്റൂർ, തിരുവൻവണ്ടൂർ, വെൺപാല, കല്ലുങ്കൽ പ്രദേശങ്ങളിലുള്ളവർക്ക് മാന്നാർ ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴി കൂടിയാണ് ഈ റോഡ്. കുറ്റിക്കാട്ടുകാവ്, ഇരട്ടകാലായിൽ കുടുംബക്കാവ് ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരും ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. ഈ വഴിയിൽ മാലിന്യംതള്ളുന്നവരുടെ ശല്യവും ഏറിവരുകയാണ്. റോഡിന്റെ വശങ്ങളിൽ കാടുനിറഞ്ഞു നിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും ഏറെയാണ്.