പത്തനംതിട്ട: ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിന് ജില്ലയിൽ വ്യാപക പരിശോധനയുമായി എക്‌സൈസ്.
സംസ്ഥാനത്തുടനീളം നടക്കുന്ന സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലും പട്രോളിംഗും പരിശോധനകളും എക്‌സൈസ് തുടരുന്നു.
പൊലീസ്, ഫോറസ്റ്റ്,മോട്ടോർ വാഹന വകുപ്പ്, റവന്യു വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ് എന്നിവരുമായി ചേർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്‌സൈസ് പരിശോധനകൾ ശക്തമാക്കി. ഇന്നലെ തൊഴിലാളികളുടെ ക്യാമ്പുകളിൽ മിന്നൽ പരിശോധന നടത്തി.
അഞ്ച് കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടുപിടിച്ചിട്ടുള്ളതും 20 കോട്പ കേസുകളായി 4000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഓണം സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങിയ ദിവസം മുതൽ ഇതുവരെ ജില്ലയിൽ 150 അബ്കാരി കേസുകളിലായി 120.850 ലിറ്റർ വിദേശ മദ്യവും, 28 ലിറ്റർ ചാരായവും 2638 ലിറ്റർ കോടയും, 135 ലിറ്റർ അരിഷ്ടവും, 13.760 ലി മദ്യവും, 5.650 ലി ബിയറും പിടിച്ചെടുത്തു. 56 മയക്കുമരുന്ന് കേസുകളിലായി 1.523 കിലോ കഞ്ചാവും രണ്ട് വാഹനങ്ങളും കണ്ടെടുത്തു. ആകെ 297 കോട്പാ കേസുകൾ രജിസ്റ്റർ ചെയ്തു. 59200 രൂപ ഫൈൻ ഈടാക്കി.
മദ്യം, മയക്കുമരുന്ന്, പുകയില ഉല്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് എക്‌സൈസിനെ അറിയിക്കുന്നതിനായി ജില്ലയിൽ എക്‌സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
0468 2222873 എന്ന കൺട്രോൾ റൂം നമ്പറിലോ, പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ 9496002863 എന്ന നമ്പറിലോ,155358 എന്ന ടോൾ ഫ്രീ നമ്പറിലോ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാവുന്നതാണ്.
'' വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കും. എക്സൈസിന്റെ ടോൾ ഫ്രീ നമ്പരുകളിൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം.
വി റോബർട്ട്, പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ