ചെങ്ങന്നൂർ ; ഓളപ്പരപ്പിൽ കളിവള്ളങ്ങൾക്ക് ശരവേഗം പകരാൻ തുഴകൾ ഒരുക്കുകയാണ് ചെങ്ങന്നൂർ പാണ്ടനാട് മൂതവഴി കേളയിൽ കെ.ആർ. പ്രസാദും സഹോദരൻ ആർ ഓമനക്കുട്ടനും . ഓരോ വള്ളംകളി കാലവും കരകളെ ആവേശത്തിൽ എത്തിക്കുന്നതോടൊപ്പം കേളയിൽ വീട് തുഴ നിർമ്മാണത്തിന്റെ തിരക്കിലാവും. 20 വർഷങ്ങളായി ഇരുവരും തുഴകളുടെ നിർമ്മാണം തുടങ്ങിയിട്ട്. ഇത്തവണ പത്തോളം പള്ളിയോട കരകൾക്കാണ് തുഴ ഒരുക്കുന്നത്. കൂമ്പ് തുഴ , പണ്ടിഭാഗത്തെ തുഴ (മദ്ധ്യഭാഗം ), കഴുത്തായം എന്നിവിടങ്ങളിലേക്ക് വിവിധ അളവുകളിലാണ് തുഴ ഒരുക്കുന്നത്. വിളഞ്ഞ പനയാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. പന വെട്ടിയെടുത്ത് ഉള്ളിലെ ചോറ് കളഞ്ഞ് വൃത്തിയാക്കും, ഉളി ഉപയോഗിച്ചാണ് അടിസ്ഥാന രൂപം നിർമ്മിക്കുന്നത്. ചിന്തേരിട്ട് മിനുക്കു പണികൾ ചെയ്യും. ആവശ്യക്കാരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് നിർമ്മാണം. ചിലർക്ക് തുഴയുടെ തണ്ടിന് മുകളിൽ പിടിയും വേണം. അത് പിടിപ്പിച്ചു നൽകും. പണിപൂർത്തിയായി കഴിഞ്ഞാൽ കൊടുക്കുന്നത് 750 രൂപയ്ക്കാണ്. പുറത്തുനിന്നു കിട്ടുന്ന തുഴയേക്കാളും കുറഞ്ഞ വിലയാണ്. ഇപ്പോൾ മങ്കൂസ് തുഴകൾക്കാണ് പ്രിയം. പത്തിക്ക് വീതി കൂടുതലും തണ്ടിന് നീളം കൂടുതലുമുള്ള തുഴകളാണ് മങ്കൂസ്. പടിഞ്ഞാറൻ ചുണ്ടൻ വള്ളങ്ങളിൽ ഉപയോഗിക്കുന്ന മങ്കൂസ് തുഴ തന്നെയാണ് കൂടുതലും പള്ളിയോടങ്ങളിലും ഇപ്പോൾ ആവശ്യപ്പെടുന്നത് .
........................
വെള്ളത്തിന്റെ വേഗതയ്ക്ക് പ്രധാന പങ്കുവഹിക്കുന്ന പണ്ടിയിലെ തുഴച്ചിലുകാരാണ് മങ്കൂസ് ഉപയോഗിക്കുന്നത് . ഇത് ഉപയോഗിച്ച് തുഴയുന്നത് ഏറെ ആയാസകരമാണെങ്കിലും വള്ളത്തെ വേഗത്തിൽ തള്ളി വിടാൻ കഴിയും.
സജി പാണ്ടനാട്
(തുഴച്ചിൽ കാരൻ)
........................................
തുഴകളുടെ നിർമ്മാണം തുടങ്ങിയിട്ട് 20 വർഷം