
പത്തനംതിട്ട : തിരുവോണം സമൃദ്ധമാക്കാൻ നാടും നഗരവും ഒരുങ്ങി. ഇന്നലെ ഉത്രാട പാച്ചിലിന്റെ പൊലിമയായിരുന്നു എവിടെയും. വഴിയോര കച്ചവടശാലകളിലും വ്യാപാരകേന്ദ്രങ്ങളിലും ഏറെ തിരക്ക് അനുഭവപ്പെട്ടു. പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, അടൂർ, പന്തളം നഗരങ്ങളിൽ ഏറെതിരക്ക് അനുഭവപ്പെട്ടു. അവശ്യവസ്തുക്കൾ വാങ്ങാൻ പ്രധാന നഗരങ്ങളിലെല്ലാം ആളുകൾ കൂട്ടമായെത്തി. വാഹനതിരക്ക് നിയന്ത്രിക്കാൻ പൊലീസും രംഗത്തുണ്ടായിരുന്നു.
വസ്ത്രശാലകളിലും പച്ചക്കറി കടകളിലും വലിയ തിരക്കനുഭവപ്പെട്ടു. ഓണത്തെ സജീവമാക്കി വഴിയോര കച്ചവടക്കാരുടെ വലിയ നിര തന്നെ ഉണ്ടായിരുന്നു.
വിലകയറ്റം ഒാണ വിപണിയെ കാര്യമായി ബാധിച്ചില്ല. പച്ചക്കറികൾക്കും എത്തയ്ക്കായ്ക്കും വിലവർദ്ധിക്കാഞ്ഞതും വിപണി സജീവമാകാൻ കാരണമായി. കിലോയ്ക്ക് 50 രൂപയായിരുന്ന എത്തയ്ക്ക് വില ഇന്നലെ 44 രൂപയായി കുറഞ്ഞു. വെളുത്തുള്ളി വില മാത്രമാണ് ഉയർന്നു നിന്നത്. സർക്കാർ വിപണികളും സജീവമായി തുടർന്നു. നാട്ടിൻപുറങ്ങളിൽ ഒാണപരിപാടികളുമായി സംഘടനകളും ക്ലബുകളും സജീവമാണ്. വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ ആർഭാടങ്ങൾ ഒഴിവാക്കിയുള്ള ഒാണാഘോഷമാണ് പലയിടത്തും സംഘടിപ്പിച്ചിട്ടുള്ളത്.
സദ്യയൊരുക്കാൻ വിഭവങ്ങളുമായി
തിരുവോണത്തോണി യാത്ര തിരിച്ചു
കാട്ടൂർ : വഞ്ചിപ്പാട്ടിന്റെയും ഭഗവത് സ്തുതികളുടെയും അകമ്പടിയിൽ ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഇന്നലെ വൈകിട്ട് ആറൻമുളയിലേക്ക് പുറപ്പെട്ടു. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രക്കടവിൽ നിന്നുമാണ് തിരുവോണത്തോണി പമ്പാനദിയിലൂടെ ആറൻമുളയിലേക്ക് യാത്രയായത്.
കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഇക്കുറി യാത്രയിൽ നായകത്വം വഹിക്കുന്നത്. കാട്ടൂർ ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് മേൽശാന്തി പകർന്ന് നൽകിയ ദീപവുമായി ഭട്ടതിരി തിരുവോണത്തോണിയിൽ കയറി. പിന്നാലെ കാട്ടൂരിലെ 18 നായർ കുടുംബങ്ങളിലെ പ്രതിനിധികളും വിഭവങ്ങളുമായി കയറി. വഞ്ചിപ്പാട്ടും വാദ്യമേളങ്ങളും ഉയർന്ന അന്തരീക്ഷത്തിൽ തിരുവോണത്തോണി കാട്ടൂരിൽ നിന്ന് പമ്പാനദിയിലൂടെ ആറൻമുള ക്ഷേത്രത്തിലേക്ക് നീങ്ങി. ഇന്ന് പുലർച്ചെ തോണി ആറൻമുള ക്ഷേത്ര കടവിൽ എത്തും. തുടർന്ന് വിഭവങ്ങൾ ക്ഷേത്രത്തിൽ എത്തിക്കും. തോണിയിലെ ദീപം ശ്രീകോവിലിലെ വിളക്കിലേക്ക് പകരും. തോണിയിൽ കൊണ്ടുവന്ന വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന തിരുവോണസദ്യയിൽ ഭട്ടതിരി പങ്കെടുക്കും. വൈകിട്ട് ചെലവ് മിച്ചം പണം ഭണ്ഡാരത്തിൽ നിക്ഷേപിച്ചശേഷം ദേവനെ വണങ്ങി ഭട്ടതിരി കരമാർഗം കോട്ടയം കുമാരനല്ലൂരിലേക്ക് മടങ്ങും.
കൂറ്റൻ പൂക്കളമൊരുക്കി എസ്.എ.എസ് കോളേജ്
കോന്നി : ഓണാഘോഷങ്ങളുടെ ഭാഗമായി ഈ വർഷവും കോളേജ് മുറ്റത്ത് കൂറ്റൻ അത്തപ്പൂക്കളമൊരുക്കി കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും. 125 കിലോ പൂക്കൾ ഉപയോഗിച്ച് 28 അടി നീളവും വീതിയുമുള്ള പൂക്കളമാണ് ഒരുക്കിയത്. ആഘോഷങ്ങളുടെ ഭാഗമായി തിരുവാതിരകളി, ഓണപ്പാട്ടുകൾ, ഓണസദ്യ, വടംവലി