മല്ലപ്പള്ളി : ചാലാപ്പള്ളി- ഏഴുമറ്റൂർ, കൊറ്റനാട് ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കൃഷി ഇറക്കാനാകാതെ കർഷകർ ദുരിതത്തിലായിരിക്കുകയാണ്. പാട്ടത്തിന് കൃഷി ഇറക്കിയവരാണ് ഏറെ നഷ്ടം സഹിക്കേണ്ടി വരുന്നത്. എഴുമറ്റൂർ പഞ്ചായത്തിലെ പുറ്റത്താനി, വാളക്കുഴി,തെള്ളിയൂർ ഭാഗങ്ങളിലും കാട്ടുപന്നിയുടെ കടന്നുകയറ്റത്താൽ വൻകൃഷി നാശമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുള്ളത്. കാട്ടുപന്നികളുടെ കൂട്ടമായും ഒറ്റതിരിഞ്ഞുമുള്ള ആക്രമണത്തിൽ കർഷകർ പ്രതിസന്ധിയിലാണ്. മരച്ചീനി, ചേന, ചേമ്പ് , എന്നിവ വ്യാപകമായാണ് കാട്ടുപന്നികൾ കുത്തിമറിക്കുന്നത്. പഞ്ചായത്ത് നിയോഗിച്ചഷൂട്ടർമാരെ ഉപയോഗിച്ച് നിരവധി കാട്ടുപന്നികളെ പ്രദേശങ്ങളിൽ കഴിഞ്ഞിടെ വെടിവച്ചിരുന്നു. എന്നാൽ അനുദിനം ഇതിന്റെ ശല്യം സഹിക്കാൻ പറ്റാതായെന്നാണ് കർഷകരുടെ പരാതി. അടിയന്തര ഇടപെടൽ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.