പന്തളം : പന്തളം നഗരസഭ ചെയർപേഴ്‌സന്റെ ഏകാധിപത്യ ഭരണത്തിനെതിരെ നഗരസഭയിലെ 30-ാമത് ഡിവിഷൻ കൗൺസിലർ രത്‌നമണി സുരേന്ദ്രന്റെ വ്യത്യസ്ത പ്രതിഷേധ സമരം. നഗരസഭാ ഭരണസമിതിയിലെ ചെയർപേഴ്‌സന്റെ സ്വന്തക്കാർക്ക് മാത്രമായി വികസന പ്രവർത്തനങ്ങളും തൊഴിലുറപ്പ് ജീവനക്കാരെയും ജലനിധി തുടങ്ങിയ പദ്ധതികളും വീതിച്ചു നൽകുകയും പ്രതിപക്ഷ അംഗങ്ങൾക്കോ ഭരണകക്ഷിയിലെ തന്റെ എതിർ ഗ്രൂപ്പിനോ യാതൊരു വികസന പ്രവർത്തനങ്ങളും നടത്തുവാൻ അനുവദിക്കാത്ത പ്രവണതയാണ് പന്തളം നഗരസഭയിൽഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് കൺസിലർ ആരോപിക്കുന്നത്. തൊഴിലുറപ്പ് ജീവനക്കാരെ കൊണ്ട് റോഡ് സൈഡിലുള്ള കാടുകൾ വെട്ടിത്തെളിക്കുന്നതിന് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഭരണസമിതി തൊഴിലാളികളെ നിയോഗിക്കാഞ്ഞതിൽ പ്രതിഷേധിച്ചാണ് ഉത്രാട ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേഷത്തിൽ കാടുവെട്ടി തെളിക്കാൻ കൗൺസിലർ സ്വമേധയാ ഇറങ്ങിയത്. കാടുവെട്ടിത്തെളിക്കുന്ന മിഷ്യനും അതിനുള്ള തൊഴിലാളികളുടെ ചെലവും വഹിക്കുമെന്നും കൗൺസിലർ പറഞ്ഞു. കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ്. ഷെരീഫ് , ജനറൽ സെക്രട്ടറി ഇ.എസ് നുജുമുദീൻ ,കെ.എസ് നീലകണ്ഠൻ , കെ.എൻ സുരേന്ദ്രൻ തുടങ്ങിയവരും പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.