
ശബരിമല തീർത്ഥാടകരുടെ സ്വപ്നമായ ചെങ്ങന്നൂർ - പമ്പ റെയിൽപ്പാത യാഥാർത്ഥ്യമാകുമ്പോൾ പത്തനംതിട്ടക്കാരുടെ മലയോര റെയിൽവേ വികസനത്തിന് ഗ്രീൻ സിഗ്നൽ ലഭിക്കും. ഏറെ വർഷങ്ങൾക്കു മുൻപ് വിഭാവനം ചെയ്ത ശബരി റെയിൽവേ പദ്ധതി തുടങ്ങിയയിടത്തു തന്നെ നിൽക്കുമ്പോഴാണ് റെയിൽവേ ബോർഡ് പുതിയ പദ്ധതി രൂപകൽപ്പന ചെയ്തതിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്.
ചെങ്ങന്നൂർ - പമ്പ റെയിൽപ്പാത മലയോര മേഖലകളിലേക്കുള്ള ട്രെയിൻ ഗതാഗതത്തിന് വഴിയൊരുക്കുമെന്നാണ് വിലയരുത്തൽ. ആറായിരത്തി നാനൂറ്റിയൻപത് കോടി ചെലവഴിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചത്. അങ്കമാലി - എരുമേലി ശബരി റെയിൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കലിന് പ്രതിസന്ധി നേരിടുന്നുണ്ട്. ഇതുൾപ്പെടെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഒട്ടേറെ നടപടികൾ പൂർത്തിയാക്കി കിട്ടാനുണ്ട്. പദ്ധതി പത്തനംതിട്ട വഴി വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന നിർദേശത്തോടും സംസ്ഥാന സർക്കാർ കേന്ദ്രത്തെ നിലപാട് അറിയിച്ചിട്ടില്ല. ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച് പ്രതിസന്ധി നീളുന്നതിനാൽ ശബരിപദ്ധതി കേന്ദ്രം ഉപേക്ഷിച്ചതായാണ് സൂചന. ഇതിനുശേഷമാണ് ചെങ്ങന്നൂർ - പമ്പ പാതയെ മലയോര മേഖലയ്ക്കുള്ള ബദൽ പദ്ധതിയായി കേന്ദ്രം പരിഗണിക്കുന്നത്. നിർദ്ദിഷ്ട അങ്കമാലി - എരുമേലി ശബരി പാത ശബരിമലയിൽ നിന്ന് ഇരുപത്തഞ്ച് കിലോമീറ്റർ അകലെയാണ് അവസാനിക്കുന്നത്. ശബരി പാതയ്ക്ക് ബദലായി ചെങ്ങന്നൂർ - പമ്പ പാതയെ കണക്കാക്കാനാവില്ല. ദൂരവും ചെലവും യാത്രക്കാരുടെ ഉപയോഗവും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ചെങ്ങന്നൂർ - പമ്പ പാത ശബരിമല ക്ഷേത്രത്തിന് നാല് കിലോമറ്റർ അടുത്ത് അവസാനിക്കും. പമ്പയ്ക്ക് സമീപമാണ് റെയിൽവേ സ്റ്റേഷന് സാദ്ധ്യത തേടുന്നത്. ഇതിന് വനംവകുപ്പിന്റെ അനുമതി വേണം. പെരിയാർ ടൈഗർ റിസർവ് വനഭൂമിയിൽ പെട്ടതാണ് പ്രദേശം. പമ്പാനദിയുടെ തീരഭാഗത്തു കൂടി കടന്നു പോകുന്ന റെയിൽ ആകാശപ്പാതയാക്കണമെന്ന നിർദ്ദേശത്തിൽ കേന്ദ്ര തീരുമാനം അറിയാനുണ്ട്.
ഗതാഗത കുരുക്കും മലിനീകരണവും ഒഴിവാക്കും
ചെങ്ങന്നൂർ - പമ്പ റെയിൽപാത ശബരിമല തീർത്ഥാടനകാലത്തെ റോഡ് ഗതാഗത കുരുക്കും മലിനീകരണവും വലിയ തോതിൽ ഒഴിവാമെന്നാണ് വിലയിരുത്തൽ. തീർത്ഥാടന കാലത്ത് ശബരിമലയിലേക്ക് മുപ്പത് ലക്ഷം വാഹനങ്ങളെത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. റെയിൽപ്പാത വരുന്നതോടെ വാഹന ഗതാഗതം വലിയ തോതിൽ കുറയ്ക്കാൻ കഴിയും. മലനീകരണം എൺപത് ശതമാനത്തോളം കുറയും. മലയോര മേഖലയിലുള്ള സ്ഥിരം യാത്രക്കാർക്ക് ട്രെയിൻ പാത തുറക്കപ്പെടും. ചെങ്ങന്നൂർ മുതൽ പമ്പ വരെ റോഡ് ദൂരം തൊണ്ണൂറ് കിലോമീറ്ററാണ്. രണ്ടര മണിക്കൂറോളം യാത്ര ചെയ്താലാണ് പമ്പയിലെത്തുന്നത്. റെയിൽപ്പാത വരുമ്പോൾ ദൂരം അൻപത്തിയെട്ട് കിലാേമീറ്ററായി കുറയും. നാൽപ്പത്തിയഞ്ച് മിനിട്ടിനുളളിൽ പമ്പിയലെത്തും. ചെങ്ങന്നൂർ കഴിഞ്ഞാൽ ആറൻമുള,വടശേരിക്കര, സീതത്തോട്, പമ്പ എന്നിവിടങ്ങളിലായി നാല് സ്റ്റേഷനുകളുണ്ട്. ചെങ്ങന്നൂർ നഗരസഭയിലൂടെയും പതിനാറ് പഞ്ചായത്തുകളിലൂടെയുമാണ് റെയിൽപ്പാത കടന്നുപോകുന്നത്. മണിക്കൂറിൽ ഇരുന്നൂറ് കിലോമീറ്റർ എന്ന വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്.
പൂർണമായും കേന്ദ്ര സർക്കാർ ഫണ്ടു കൊണ്ട് നിർമ്മിക്കുന്ന പദ്ധതിയിൽ സംസ്ഥാന സർക്കാരിന് പങ്കാളിത്തമുണ്ടാകില്ലെന്നാണ് അറിയുന്നത്. സ്ഥലം ഏറ്റെടുത്ത് നൽകൽ മാത്രമായിരിക്കും സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം.
ജനവാസ മേഖലയിലെ ഭൂമിയും വനഭൂമിയുമാണ് പദ്ധതിക്ക് ഏറ്റെടുക്കേണ്ടത്. കേന്ദ്ര പദ്ധതിയായതിനാൽ വനഭൂമി ഏറ്റെടുക്കുന്നതിന് വലിയ തടസങ്ങളുണ്ടാകില്ല. പെരിയാർ ടൈഗർ റിസർവ് വനത്തിലെ സ്ഥലം ഏറ്റെടുക്കന്നതിന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ് വേണ്ടത്. പദ്ധതി കേന്ദ്രത്തിന്റെ ആയതുകൊണ്ട് ഇതു ലഭിക്കുന്നതിന് കാലതാമസം വരില്ല. സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്തു നൽകുന്നതിനാകും കാലതാമസമുണ്ടാവുക. പദ്ധതി ഇതിനകം ചർച്ചയായെങ്കിലും പ്രാദേശികമായ എതിർപ്പുകൾ ഉയർന്നിട്ടില്ല. അലൈൻമെന്റ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് വലിയ ധാരണയില്ല. പാത പമ്പാ നദിക്കു സമാന്തരമായിട്ടാകും കടന്നുപോവുക എന്നാണ് പൊതുവെ പ്രചരിക്കുന്നത്. സർവെ നടത്തി കല്ലിടുമ്പാേഴാകും പാത ഏതുവഴി കടന്നുപേകും എന്ന് വ്യക്തത ലഭിക്കുക. നാടിന്റെ വലിയ വികസനത്തിന് നാട്ടുകാർ സ്ഥലം വിട്ടുകൊടുക്കേണ്ടിവരും. വീടുകളും മറ്റു കെട്ടിടങ്ങളും ഒഴിപ്പിക്കുന്നത് വലിയ വില നൽകിയായിരിക്കുമെന്നുറപ്പ്.
പ്രധാനമായും ശബരിമല തീർത്ഥാടകരെ ലക്ഷ്യം വച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ശബരിമല മാസ പൂജ സമയങ്ങളിലും നട തുറക്കുന്ന മറ്റ് വിശേഷ ദിവസങ്ങളിലും ട്രെയിൻ ഓടിക്കണമെന്നാണ് പ്രധാന നിർദ്ദേശം. ക്ഷേത്ര നട തുറക്കാത്ത ദിവസങ്ങളിലും ട്രെയിൻ ഒാടിച്ചാൽ മലയോരത്തേക്ക് സ്ഥിരം യാത്രാ സൗകര്യമാകുമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. ഈ ദിവസങ്ങളിൽ വരുമാനക്കുറവ് ഉണ്ടാകുമെന്നതാണ് റെയിൽവേയുടെ വാദം. ക്ഷേത്ര നട തുറക്കാത്ത ദിവസങ്ങളിൽ വടേശരിക്കര വരെ സർവീസ് നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ചെങ്ങന്നൂർ - പമ്പ ഇരട്ടപ്പാതയാണ് പരിഗണനയിലുള്ളത്. ഇരുവശത്തേക്കും ട്രെയിൻ ഓടിക്കാവുന്ന രീതിയിലാണ് ക്രമീകരണം.
നിർമ്മാണങ്ങൾക്ക് എക്പ്രസ് വേഗത വേണം
സംസ്ഥാനത്ത് ദേശീയ പാതയും റെയിൽ പാതയും നിർമ്മിക്കാൻ കേന്ദ്രം ഫണ്ട് അനുവദിക്കുമെങ്കിലും നിർമ്മാണത്തിലെ വേഗതക്കുറവ് വലിയ വെല്ലുവിളിയാണ്. സ്ഥലം ഏറ്റെടുപ്പാണ് ഏറ്റവും വലിയ കടമ്പ. ശബരിപാത തന്നെ അതിനു തെളിവായി നമ്മുടെ മുന്നിലുണ്ട്. ചെങ്ങന്നൂർ - പമ്പ പാതയ്ക്ക് ഇതേപോലെ ദുർഗതി വരാതിരിക്കാൻ സംസ്ഥാന സർക്കാരാണ് ശ്രദ്ധിക്കേണ്ടത്. നിർമ്മാണത്തിന് എക്സ്പ്രസ് വേഗതയാണ് ആവശ്യം. സ്ഥലം ഏറ്റെടുത്തു നൽകിയാൽ കേന്ദ്രത്തിൽ നിന്ന് നഷ്ടപരിഹാരം വൈകാനിടയില്ല. ഇടനാട്ടിൽ നിന്ന് മലനാട്ടിലേക്ക് ട്രെയിൻ സർവീസ് എന്നത് ദീർഘവർഷങ്ങളായുള്ള സ്വപ്നമാണ്. അധികം വൈകിക്കാതെ പദ്ധതി പൂർത്തിയാക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടത് ജനപ്രതിനിധികളാണ്. പദ്ധതിയുടെ പ്രയോജനത്തെപ്പറ്റി ജനങ്ങളെ വേണ്ടവിധം ബോധവത്കരിച്ചാൽ സ്ഥലം ഏറ്റെടുപ്പ് എളുപ്പത്തിൽ പൂർത്തിയാക്കാം.