
പത്തനംതിട്ട : കട വാടകയും കറന്റ് ചാർജും ജീവനക്കാരന് ശമ്പളവും കൊടുത്തു കഴിഞ്ഞാൽ റേഷൻ കട ഉടമകൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന കമ്മിഷൻ തീരും. ഇൗ മേഖലയിൽ പിടിച്ചുനിൽക്കാനാവാതെ കനത്ത പ്രതിസന്ധി നേരിടുകയാണ് ലൈസൻസികൾ. നിരവധിയാളുകൾ റേഷൻ കട ലൈസൻസ് പുതുക്കാതെ ഇൗ മേഖല ഉപേക്ഷിച്ചുപോയി. തലമുറകൾ കൈമാറിയാണ് പലരും റേഷൻ കടകൾ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാൽ, പുതു തലമുറയ്ക്ക് റേഷൻ കടകളോട് താൽപ്പര്യമില്ല.
ജില്ലയിൽ റേഷൻ കട നടത്തി കടത്തിൽ മുങ്ങി ഉപേക്ഷിച്ചു പോയവരുണ്ട്. അടുത്തിടെ, ഒന്നര ലക്ഷം കടം കയറിയ മൈലപ്രായിലെ വ്യാപാരി കടയുടെ ലൈസൻസ് പുതുക്കിയില്ല. വിൽക്കുന്ന സാധനങ്ങൾക്ക് കമ്മിഷനാണ് റേഷൻ വ്യാപാരികളുടെ വരുമാനം. കാർഡുടമകൾക്ക് ഏതു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാമെന്നതുകൊണ്ട് ഒരു കടയിൽ വിൽക്കുന്ന സാധനങ്ങൾക്കുള്ള കമ്മിഷന് ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇതോടെ റേഷൻ വ്യാപാരികൾക്ക് നിശ്ചിത തുക മാസവരുമാനം എന്നത് ഇല്ലാതാകും. ജില്ലയിൽ പതിനായിരവും പതിനെണ്ണായിരവും കമ്മിഷൻ ലഭിക്കുന്ന കടകളുണ്ട്.
സ്വന്തം കെട്ടിടമുള്ള റേഷൻ കട ഉടമകൾക്ക് മാത്രമേ കമ്മിഷൻ കൊണ്ട് പ്രയോജനമുള്ളൂവെന്നാണ് വ്യാപാരികൾ പറയുന്നത്. മറ്റുള്ളവർക്ക് മാസ വാടക, കറന്റ് ചാർജ്, കൂലി എന്നീയിനത്തിൽ ഒരു മാസം പതിനായിരം രൂപയെങ്കിലും ശരാശരി ചെലവാകും. കുറഞ്ഞ തുക കമ്മിഷൻ വരുമാനമായി ലഭിക്കുന്ന കട ഉടമകൾക്ക് ഇത് നഷ്ടമുണ്ടാക്കും.
ഒാണം ബോണസ് കിട്ടിയില്ല
റേഷൻ കട ഉടമകൾക്ക് ഇത്തവണ ഒാണം ബോണസ് ലഭിച്ചില്ല. ആയിരം രൂപ വീതം അനുവദിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
കമ്മിഷൻ വൈകുന്നു
വിൽക്കുന്ന സാധനങ്ങൾക്ക് അതാതു മാസം കമ്മിഷൻ ലഭിക്കാത്തത് റേഷൻ വ്യാപാരികളെ വലയ്ക്കുന്നു. ജൂലായ് മാസത്തെ കമ്മിഷൻ ഇൗ മാസം ആദ്യമാണ് ലഭിച്ചത്. 45ക്വിന്റൽ വിൽപ്പന നടത്തിയാൽ 18,500രൂപയാണ് കമ്മിഷൻ ലഭിക്കുന്നത്. ഇത്രയും അളവിൽ വിൽപ്പന നടത്തുന്ന റേഷൻ കടകൾ കുറവാണ്.
ജില്ലയിൽ ആകെ റേഷൻ കടകൾ : 864,
ലൈസൻസ് പുതുക്കാത്തത് : 56
റേഷൻ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ്. കമ്മിഷൻ സമയത്ത് ലഭിക്കുന്നില്ല. ഒാണം ബോണസ് കിട്ടിയില്ല. സർക്കാർ ജാഗ്രത കാട്ടിയില്ലെങ്കിൽ കടകളുടെ എണ്ണം കുറയും.
എം.ബി സത്യൻ, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ്
അസോസിയേഷൻ ജില്ലാ പ്രസിഡന്റ്