
തിരുവല്ല : പ്രിയപ്പെട്ട വാഹനത്തിന് ഇഷ്ടപ്പെട്ട നമ്പർ സ്വന്തമാക്കാൻ അഡ്വ.നിരഞ്ജന നടുവത്ര ചെലവാക്കിയത് 7.85 ലക്ഷം രൂപ. തിരുവല്ല ഇരവിപേരൂർ സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് ഡയറക്ടറുമായ നിരഞ്ജന, തന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന് വേണ്ടിയാണ് കെ.എൽ 27 എം 7777 എന്ന ഫാൻസി നമ്പർ സ്വന്തമാക്കിയത്. തിരുവല്ല സബ് ആർ.ടി ഓഫീസിന്റെ കീഴിലായിരുന്നു വാശിയേറിയ ലേലം. നാലുപേർ ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്‌തെങ്കിലും ഒരാൾ മാത്രമാണ് അവസാനം വരെ ഇഷ്ടനമ്പറിനായി പോരാടിയത്. ഫാൻസി നമ്പരിന് ഇത്രയും വലിയതുക ലഭിക്കുന്നത് മോട്ടോർ വാഹന വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമാണെന്ന് അധികൃതർ പറഞ്ഞു. മുമ്പ് കൊച്ചിയിൽ രജിസ്റ്റർചെയ്ത വാഹനത്തിന് ഇഷ്ടനമ്പർ ലഭിക്കാൻ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. ഈ റെക്കാഡാണ് നിരഞ്ജന പിന്തള്ളിയത്. നിരഞ്ജന 1.78 കോടി മുടക്കി വാങ്ങിയ ലാൻഡ് റോവറാണ് ഇനിമുതൽ ഫാൻസി നമ്പർ വഹിക്കുക. ദേശിയപാത നിർമ്മാണത്തിന് ഉൾപ്പെടെ സാധനസാമഗ്രികൾ വിതരണം ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്‌സ്. നടുവത്ര വീട്ടിൽ അനിൽകുമാർ - സാജിഭായ് ദമ്പതികളുടെ മകളായ നിരഞ്ജന, എർത്തെക്‌സ് വെഞ്ചേഴ്‌സ് പ്രൈ.ലിമിറ്റഡിന്റെയും ഡയറക്ടർ കൂടിയാണ്. ക്വാറി, ക്രഷർ തുടങ്ങിയ അനുബന്ധ മേഖലകളിലാണ് നിരഞ്ജനയുടെ ബിസിനസ്.
ഇഷ്ടനമ്പരിൽ വാഹനം സ്വന്തമാക്കിയതിനൊപ്പം, ലേലത്തിലൂടെ സർക്കാരിന് ലഭിക്കുന്ന തുക വിനിയോഗിച്ചുള്ള വിവിധ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സാധിച്ചതിൽ അഭിമാനമുണ്ട്.
നിരഞ്ജന