padam
കർഷകരുടെ നേതൃത്വത്തിൽ പടവിനകം ബി പാടത്തെ വെള്ളം വറ്റിക്കുന്നു

തിരുവല്ല : അപ്പർകുട്ടനാടൻ പുഞ്ചക്കൃഷിക്ക് തിരുവോണനാളിൽ ഒരുക്കങ്ങൾ തുടങ്ങി. പെരിങ്ങര പഞ്ചായത്ത് പടവിനകം ബി പാടശേഖരത്തിൽ വെള്ളം വറ്റിക്കാനായി പമ്പിംഗ് ആരംഭിച്ചു. പാടത്തെ കവടയും വരിയും കിളിർപ്പിക്കാനാണ് വെള്ളം വറ്റിക്കുന്നത്. കിളിർത്ത വരിനെല്ല് വീണ്ടും വെള്ളം കയറ്റി അഴുകി നശിപ്പിക്കും. നെൽവിത്ത് വളരുന്നതിനൊപ്പം വരിനെല്ല് കിളിർത്താൽ കൃഷിക്ക് ദോഷമാകുമെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി തുലാം ഒന്നിന് കൃഷി ഇറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. സമീപത്തെ പാടങ്ങളിലും വരുംദിവസങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങും. പാടശേഖര സമിതി പ്രസിഡന്റ് ചെല്ലപ്പൻ പെരുന്നിലം, സെക്രട്ടറി രാജൻ കോലത്ത്, കൺവീനർ പ്രസാദ് കറുകയിൽ, പമ്പിംഗ് കോൺട്രാക്ടർ അനിൽ പൗലോസ് വാണിയപ്പുരയിൽ, ഭരണസമിതി അംഗങ്ങളായ ജയകുമാർ പെരുന്നിലം, ബിജു മമ്പഴ, പൗലോസ്, ബിജു കുരുവിക്കാട്, സജീവൻ കൈതവന, അനിയച്ചൻ വെട്ടുചിറ, ബിജു പാലത്തി​ട്ട എന്നിവരും ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.

പടവിനകം പാടശേഖരം

105 ഏക്കർ, കൃഷി ചെയ്യുന്ന കർഷകർ : 60

പുതിയ പെട്ടിയും പറയും വേണം
പടവിനകം ബി പാടശേഖരത്തിലെ മോട്ടറും പെട്ടിയും പറയും വളരെ മോശപ്പെട്ട അവസ്ഥയിലാണ്. വിതയിറക്കിയാൽ പാടം വറ്റിക്കാൻ പറ്റുമോ എന്ന ഭീതിയിലാണ് കർഷകർ. പുതിയ മോട്ടറും പെട്ടിയും പറയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല.

പുതിയ മോട്ടറും പെട്ടിയും സ്ഥാപിച്ചാൽ മാത്രമേ കർഷകരുടെ

ആശങ്കയ്ക്ക് പരിഹാരമാകൂ.

പ്രസാദ് കറുകയിൽ,

പാടശേഖരസമിതി കൺവീനർ