തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ പതിറ്റാണ്ടുകളായുള്ള ഉത്രാട നാളിലെ നെയ്യും കറുകയും ആചാരപ്പൊലിമയോടെ സമർപ്പിച്ചു. മുട്ടാർ ചെറുശ്ശേരി കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ കൃഷ്ണ കുറുപ്പിന്റെയും വിജയമ്മയുടെയും നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ഒത്തുച്ചേർന്നാണ് ശ്രീവല്ലഭ സ്വാമിക്ക് കറുകയും നെയ്യും സമർപ്പിച്ചത്. ദേവസ്വം സബ്ബ് ഗ്രൂപ്പ് ഓഫീസർ മിത്ര, ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് ഷാബു, സെക്രട്ടറി ബി.ജെ. സനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിൽ പ്രവേശിച്ച് അവർ ഭഗവാന് നെയ്യും കറുകയും സമർപ്പിച്ചു. ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളിൽ പ്രധാനപ്പെട്ട തിരുവോണ നാളിൽ ഭഗവാന് തിരുവാഭരണം ചാർത്തി വിശേഷാൽ പൂജകൾ നടന്നു. ഉച്ചയ്ക്ക് നടന്ന തിരുവോണ സദ്യ ക്ഷേത്രതന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. രാത്രി ശ്രീവല്ലഭ സ്വാമിയും മഹാസുദർശനമൂർത്തിയും ആനപ്പുറത്ത് എഴുന്നെള്ളി കാഴ്ചശ്രീബലി നടന്നു. ക്ഷേത്ര ദർശനത്തിനും തിരുവോണ സദ്യയ്ക്കുമായി നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. കാവുംഭാഗം കരുനാട്ടുകാവ് ബ്രാഹ്മണ സമൂഹം തിരുവോണ ദിവസം രാവിലത്തെ പന്തീരടി പൂജയ്ക്ക് ഭഗവാന് ചാർത്താനുള്ള ഓണപ്പുടവ സമർപ്പണവും മുടക്കമില്ലാതെ പൂർത്തിയാക്കി.