പത്തനംതിട്ട: തിരുവോണനാളിൽ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ കിട്ടി . ഞായറാഴ്ച രാവിലെ 6.25ന് അലാറം അടിച്ചതിനെതുടർന്ന് ജീവനക്കാരെത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന് 2.835 കിലോഗ്രാം ഭാരമുണ്ട്. കുഞ്ഞിന് മന്ത്രി വീണാ ജോർജ് 'സിതാർ' എന്നു പേരിട്ടു.
2009ൽ പത്തനംതിട്ടയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ച ശേഷം ലഭിക്കുന്ന ഇരുപതാമത്തെ കുഞ്ഞാണ് സിതാർ. ഇതാദ്യമായാണ് തിരുവോണദിവസം സർക്കാരിന്റെ സംരക്ഷണയ്ക്കായി കുഞ്ഞിനെ ലഭിക്കുന്നത്.
പൂർണ ആരോഗ്യവാനായ കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ഉണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു. കുഞ്ഞിനെ അടുത്തദിവസം ഓമല്ലൂർ ശിശുപരിചരണ കേന്ദ്രത്തിലേക്ക് മാറ്റും.