thonni

ആറൻമുള : തിരുവാറന്മുളയപ്പന് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്ന് പുറപ്പെട്ട തിരുവോണത്തോണിക്ക് ആറന്മുള ക്ഷേത്രക്കടവിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. കാട്ടൂരിൽ നിന്ന് പുറപ്പെട്ട തോണിയിലെ സംഘം അയിരൂർ മഠത്തിൽ വിശ്രമിച്ചു. തുടർന്ന് മേലകുരയിലെത്തി വെച്ചൂർ മനയിലെ വിശ്രമശേഷം ആറന്മുളയ്ക്ക് പുറപ്പെട്ടു. പളളിയോടങ്ങളുടെ അകമ്പടിയിൽ ആറന്മുള ക്ഷേത്രക്കടവിൽ എത്തിയപ്പോൾ പളളിയോട സേവാസംഘം ഭാരവാഹികൾ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ക്ഷേത്ര ഉപദേശക സമതി ഭാരവാഹികൾ എന്നിവർ ചേർന്ന് വെറ്റില, പുകയില എന്നിവ നൽകി സ്വീകരിച്ചു.
അഷ്ടമംഗല്യത്തിന്റെയും മുത്തുക്കുടകളുടേയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ മങ്ങാട്ട് ഇല്ലം പ്രതിനിധി അനൂപ് നാരായണൻ ഭട്ടതിരിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മേൽശാന്തി രമേഷ് ബാബു കെടാവിളക്കിലെ ദീപവും മറ്റ് ദീപങ്ങളും അണച്ച് കാത്തുനിന്നു. കാട്ടൂർ ക്ഷേത്രത്തിൽ പകർന്ന് നൽകിയ ദീപം ഭട്ടതിരി മേൽശാന്തിക്ക് കൈമാറി. ആ ദീപം മേൽശാന്തി കെടാവിളക്കിലേക്ക് പകർന്നതോടെ തിരുവോണ സദ്യവട്ടങ്ങൾ ആരംഭിച്ചു. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് തിരുവോണ സദ്യ ക്ഷേത്രത്തിലെ വടക്കേ മാളികയിൽ ഒരുക്കിയിരുന്നു. പള്ളിയോട സേവാസംഘം നൽകിയ ദക്ഷിണ സ്വീകരിച്ച ഭട്ടതിരി ക്ഷേത്രത്തിനുള്ളിൽ വച്ച് ദേവസ്വം ബോർഡ് നൽകിയ പണക്കിഴി സ്വീകരിച്ചു. അടുത്ത വർഷവും അവസരം പ്രാർത്ഥിച്ച് ചെലവ് മിച്ചം ക്ഷേത്ര ഭണ്ഡാരത്തിൽ സമർപ്പിച്ച് തിരികെ റോഡ് മാർഗം കുമാരനല്ലൂരിന് പുറപ്പെട്ടു.