തിരുവല്ല : അഖിലേന്ത്യ തൽസൈനിക് ക്യാമ്പിലെ ദേശീയതല മത്സരത്തിൽ പങ്കെടുത്ത് വിജയികളായി നാട്ടിലെത്തുന്ന കേഡറ്റുകളെ വരവേൽക്കാൻ തിരുവല്ല 15 കേരള ബറ്റാലിയൻ ഒരുങ്ങി. ഡൽഹിയിൽ എൻ.സി.സി ആസ്ഥാനത്ത് നടന്ന ക്യാമ്പ് അവസാനിച്ചപ്പോൾ കൈനിറയെ മെഡലുകളാണ് തിരുവല്ല 15കേരള ബറ്റാലിയനു ലഭിച്ചത്. ചങ്ങനാശേരി എസ്.ബി കോളേജിലെ വർഷ ദിലീപ്, ഗൗതം എസ്.കൃഷ്ണൻ, തിരുവല്ല മാർത്തോമാ കോളേജിലെ അനന്തു പി.എസ്, ജോയൽ എം.സജി, വെച്ചൂച്ചിറ ജവഹർനവോദയ വിദ്യാലയത്തിലെ ദിയ ഫാത്തിമ, തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്‌കൂളിലെ നന്ദന പണിക്കർ, ഇരുവള്ളിപ്ര സെന്റ് തോമസ് സ്‌കൂളിലെ നെബിൻ ബിനു എന്നീ കേഡറ്റുകളാണ് തിരുവല്ല ബറ്റാലിയനിൽ നിന്നും പങ്കെടുത്തത്. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ നിന്നും 84കേഡറ്റുകളാണ് ജഡ്ജിംഗ് ഡിസ്റ്റൻസ്, ഒബ്‌സ്റ്റക്കിൾ കോഴ്സ്, ഹെൽത്ത് ആൻഡ് ഹൈജീൻ, സർവീസ് ഷൂട്ടിംഗ്, ടെന്റ് പിച്ചിംഗ്, ക്വിസ്, ലൈൻ ഏരിയ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തത്. 42 ബറ്റാലിയനുകളാണ് ഈ ഡയറക്ടറേറ്റിലുള്ളത്. ഇതിൽ തിരുവല്ല യൂണിറ്റ് 7കേഡറ്റുകളെ മത്സരത്തിനിറക്കി സംസ്ഥാനത്ത് ഏറ്റവും മുന്നിലെത്തി. കമാൻഡിംഗ് ഓഫീസർ കേണൽ ജേക്കബ് ഫ്രീമാന്റെ നേതൃത്വത്തിൽ ഓണററി ലെഫ്റ്റനന്റ് ബിജുവും സംഘവുമാണ് ഊർജ്ജസ്വലരായ, അർപ്പണ മനോഭാവമുള്ള കേഡറ്റുകൾക്ക് പരിശീലനം നൽകി ഈ നേട്ടത്തിന് പിൻബലം നൽകിയത്. ഡോ.റോബി ജോസ്, ലെഫ്. ബേസിൽ കെ.തമ്പി, ജി.സി.ഐ ശോഭന തുടങ്ങിയവരാണ് കേഡറ്റുകളെ അനുഗമിച്ചത്.