1
എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡിൽ പഴയ എസ്എൻഡിപി മന്ദിരത്തിന് സമീപം ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.

മല്ലപ്പള്ളി: എഴുമറ്റൂരിന്റെ വിവിധ പ്രദേശങ്ങളിൽ പൈപ്പ് തകർച്ചരൂപപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. എഴുമറ്റൂർ - പടുതോട് റോഡിന്റെ തുടക്കത്തിലെ രണ്ടു കി.മീറ്റർ ദൂരപരിധിയിൽ എട്ട് ഇടങ്ങളിലും, വായനശാല -ഇരുമ്പു കുഴി റോഡിൽ അഞ്ച് ഇടങ്ങളിലും, പുറ്റത്താനി -കിളിയൻങ്കാവ് റോഡിൽ മൂന്ന് ഇടങ്ങളിലും, വായനശാല -വേങ്ങഴ റോഡിൽ അഞ്ച് ഇടങ്ങളിലും, കാട്ടോലിപ്പാറ റോഡിൽ ആറ് ഇടങ്ങളിലും പൈപ്പ് ചോർച്ച രൂപപ്പെട്ടിട്ട് മാസങ്ങൾ പിന്നിട്ടു. ഗുണഭോക്താക്കളും ജനപ്രതിനിധികളും ഉൾപ്പെടെ പരാതിപ്പെട്ടിട്ടും ഇതുവരെ നടപടി ഉണ്ടായില്ല. പൈപ്പ് പൊട്ടിയ ഭാഗത്ത് റോഡിനും തകർച്ച നേരിടുന്നുണ്ട്. പൈപ്പിലെ ചെറിയതോതിലുള്ള ചോർച്ചമൂലം ചെറിയ കുഴികളാണ് ആദ്യം രൂപപ്പെട്ടത്. വെള്ളം കെട്ടിനിൽക്കുന്നതും വാഹനങ്ങൾ ഇവയ്ക്ക് മുകളിലൂടെ പോകുന്നതും കാരണം കുഴികളുടെ വ്യാപ്തി വർദ്ധിക്കാൻ ഇടയാകുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണികൾ നടത്തിയ പടുത്തോട് റോഡിന്റെ തുടക്കത്തിലെ ടാറിഗും, ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ഇന്റർലോക്ക് കട്ടകളും തകർന്നു. പൈപ്പിൽ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് അധികാരികളുടെ നിസംഗ മനോഭാവം വെടിഞ്ഞ് ജലവിതരണം കാര്യക്ഷമമാക്കാൻ നടപടിയെടുക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.

................................................

പലയിടത്തും പൈപ്പുകൾ പൊട്ടിയതു കാരണം റോഡിൽ നിന്നും അഞ്ച് അടിക്കുമുകളിലുള്ള ഉയർന്ന പ്രദേശകളിൽ താമസിക്കുന്ന ഗുണഭോക്താക്കൾക്ക് വെള്ളം ലഭിക്കുന്നില്ല. എയർ മാത്രമാണ് ലഭിക്കുന്നത്. മഴ കുറഞ്ഞതോടെ ജലക്ഷാമവും രൂക്ഷമാവുകയാണ്. പരാതി നൽകിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ല.

രാജേഷ്

പാറയിൽ