ചെങ്ങന്നൂർ: കൊട്ടിഘോഷിക്കപ്പെട്ട് 19 വർഷം മുമ്പ് തുറന്ന ചെറിയനാട് പഞ്ചായത്തിലെ വാതക ശ്മശാനം അറ്റകുറ്റപ്പണിയുടെ അഭാവത്തിൽ പ്രയോജനമില്ലാതാകുന്നു. ഭരണ പ്രതിപക്ഷ നിലപാടുകളിൽ ജനം വലയുന്നതിനാൽ ഫലത്തിൽ ഈ ശ്മശാനം നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. 2005ലാണ് ചെറിയനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വാതകശ്‌മശാനം സ്ഥാപിച്ചത്. എന്നാൽ ഇതിന്റെ നിർമ്മാണത്തിൽ സാങ്കേതിക പിഴവുകൾ സംഭവിച്ചതിനാൽ പ്രവർത്തനം തുടങ്ങാൻ കാലതാമസം നേരിട്ടു. ശ്മശാനത്തിലെ ബർണറിന്റെയും മറ്റും പോരായ്‌മകൾ പരിഹരിച്ച് 2018ലാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. 13 വർഷം പ്രവർത്തിക്കാതെ കിടന്നതിന് ശേഷമാണിത്. കൊവിഡ് കാലത്ത് ഈ ശ്‌മശാനത്തിൽ നിരവധി മൃതദേഹങ്ങൾ സംസ്ക്‌കരിക്കപ്പെട്ടതാണ്. ഇത് വീണ്ടും പ്രവർത്തിക്കാതായിട്ട് ഒരുവർഷമായി.
പഞ്ചായത്ത് അധികൃതർ പറയുന്നത്
ചെറിയനാട് പഞ്ചായത്തിലെ വാതകശ്‌മശാനം പ്രവർത്തനസജ്ജമാക്കാനായി അറ്റകുറ്റപ്പണിക്കുള്ള അടങ്കൽ തുക തയാറാക്കി കമ്പനിക്ക് നൽകിയിട്ടുണ്ടെന്നും ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള വിഹിതം ലഭിച്ചാൽ ഇത് സാദ്ധ്യമാകുമെന്നുമാണ് ചെറിയനാട് പഞ്ചായത്ത് അധികൃതരുടെ നിലപാട്. അതേസമയം ശ്മശാനം പ്രവർത്തനരഹിതമായതോടെ ഭൂമിയില്ലാത്തവരും കിടപ്പാടം മാത്രമുള്ളവരും നെട്ടോട്ടമോടുകയാണ്. സമീപ പഞ്ചായത്തുകളിലോ, ചെങ്ങന്നൂർ നഗരസഭയിലോ ശ്മശാനം ഇല്ലാത്തതാണ് പ്രശ്നം. ഭൂമിയില്ലാത്തവരിൽ ആരെങ്കിലും മരിച്ചാൽ തിരുവല്ല നഗരസഭയുടെ ശ്മശാനത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തിരുവല്ലയിലെ വാതകശ്‌മശാനവും ഇടക്കിടെ പ്രവർത്തനരഹിതമാകുന്നതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
......................................................
പഞ്ചായത്തംഗങ്ങൾ ബന്ധപ്പെട്ടവരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താനോ തുറന്നുപ്രവർത്തിപ്പിക്കാനോ നടപടി ഉണ്ടാകുന്നില്ല. പഞ്ചായത്ത് ഭരണസമിതിയുടെ ഗുരുതരമായ വീഴ്ചയാണ് ഇതിന് പിന്നിൽ. മാസങ്ങൾക്ക് മുമ്പ് സ്വന്തമായി ഭൂമിയില്ലാത്ത വ്യക്തി മരിച്ചതിനെ തുടർന്ന് സംസ്കരിക്കാൻ മാർഗം ഇല്ലാത്തതിനാൽ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു നൽകുകയായിരുന്നു.
വാർഡംഗം
(രജനീഷ് )
.............................
ചെറിയനാട് പഞ്ചായത്തിലെ 5-ാം വാർഡിൽ
ശ്മശാനം പ്രവർത്തിക്കാതായിട്ട് 1 വർഷം