
ആറൻമുള : പമ്പയ്ക്ക് പുളകം ചാർത്തി 52 പള്ളിയോടങ്ങളുടെ പങ്കാളിത്വവുമായി ആറൻമുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള കരകളിലെ പള്ളിയോടങ്ങൾ ജലപൂരത്തിന് അണിചേരും. രാവിലെ 9.30ന് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് സത്രം പവലിയനിലേക്ക് ഭദ്രദീപ ഘോഷയാത്ര നടക്കും. 10ന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ പതാക ഉയർത്തും. 1.30ന് പൊതുസമ്മേളനം ആരംഭിക്കും. സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാലും ജലോത്സവം കേന്ദ്രമന്ത്രി ജോർജ് കുര്യനും മത്സരവള്ളംകളി മന്ത്രി മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അദ്ധ്യക്ഷത വഹിക്കും. എൻ.എസ്.എസ് പ്രസിഡന്റ് എം.കെ.ശശികുമാർ മുഖ്യപ്രഭാഷണവും തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഗോലോകാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തും. മന്ത്രി സജി ചെറിയാൻ പള്ളിയോട ശിൽപികളേയും പള്ളിയോടം സേവാസംഘം മുൻപ്രസിഡന്റ് കെ.ജി.ശശിധരൻപിള്ളയെ മന്ത്രി വി.എൻ.വാസവനും റിയാലിറ്റി ഷോ വിജയി ദേവാനന്ദ രാജീവിനെ മന്ത്രി പി.പ്രസാദും വഞ്ചിപ്പാട്ട് ആചാര്യൻ രാധാകൃഷ്ണൻ പിള്ളയെ ആന്റോ ആന്റണി എം.പിയും ആദരിക്കും. സുവനീർ പ്രകാശനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ, കോഴഞ്ചേരി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു, ദേവസ്വം ബോർഡ് മെമ്പർമാരായ അഡ്വ.അജികുമാർ, സുന്ദരേശൻ എന്നിവർ സമ്മാനദാനം നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ്.എം.പി, എം.എൽ.എമാരായ പ്രമോദ് നാരായണൻ , മാത്യു ടി.തോമസ്, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ എന്നിവർ സംസാരിക്കും.
എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 17 പള്ളിയോടങ്ങളുമാണുള്ളത്. ഇവയെ ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചിരിക്കുന്നത്. കീക്കൊഴൂർ, പൂവത്തൂർ പടിഞ്ഞാറ്, കടപ്ര കരകളുടെ പുത്തൻ പള്ളിയോടങ്ങളാണ് ഇത്തവണ എത്തുന്നത്. സത്രക്കടവിൽ നിന്നും മുകളിലേക്ക് പരപ്പുഴക്കടവ് വരെ ജലഘോഷയാത്രയും പരപ്പുഴക്കടവ് മുതൽ സത്രക്കടവ് വരെ മത്സരവള്ളംകളിയും നടക്കും.
ഇന്ന് പ്രാദേശിക അവധി
ആറൻമുള : ഉത്രട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.