parakkal-theerthadanam

പത്തനംതിട്ട: സംഘടിത മതങ്ങൾ അധികാരത്തിന്റെ എല്ലാ സീമകളും പിടിച്ചടക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ ധർമ്മസേവാസംഘം ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗം 3218-ാം നമ്പർ പാറയ്ക്കൽ ശാഖയുടെയും നേതൃത്വത്തിലുള്ള രണ്ടാമത് പാറയ്ക്കൽ തീർത്ഥാടനവും ഗുരുദേവന്റെ പാറയ്ക്കൽ സന്ദർശനത്തിന്റെ 110-ാം വാർഷികത്തിന്റെ ഭാഗമായുള്ള തീർത്ഥാടന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആർ. ശങ്കറിനുശേഷം അസംഘടിത ഭൂരിപക്ഷ സമൂഹത്തിന് സാമൂഹ്യനീതിയും രാഷ്ട്രീയ നീതിയും ലഭ്യമായിട്ടില്ല. അധികാരം അധഃസ്ഥിതന് തീണ്ടാപ്പാടകലെയായി. പണ്ടുള്ളതിനേക്കാൾ വർഗീയവിദ്വേഷം ഈ കാലഘട്ടത്തിൽ വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. നവീകരിച്ച പുണ്യതീർത്ഥ മണ്ഡപത്തിലും ആൽത്തറയിലും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ചെയർമാൻ ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു, ചേപ്പാട് യൂണിയൻ പ്രസിഡന്റ് സലീംകുമാർ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ.എസ്.ഉഴത്തിൽ എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ ധർമ്മസേവാസംഘം ട്രസ്റ്റ് പ്രസിഡന്റ് കെ.എൻ.ഭദ്രൻ സ്വാഗതവും എസ്.എൻ.ഡി.പി യോഗം പാറയ്ക്കൽ ശാഖാ പ്രസിഡന്റ് ശ്രീകുമാരി നന്ദിയും പറഞ്ഞു.