
പത്തനംതിട്ട: നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളോടൊപ്പം ഓണാഘോഷത്തിലും ഓണസദ്യയിലും പങ്കെടുത്ത് ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത.
മെത്രാപ്പോലീത്തയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഇന്നലെ പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളെ ക്ഷണിതാക്കളാക്കി ഓണാഘോഷം സംഘടിപ്പിച്ചത്. പത്തനംതിട്ട മാത്തൂർ സ്വദേശിയായ മാർ സെറാഫിം മെത്രാപ്പൊലീത്ത ചെറുപ്പം മുതൽ പത്തനംതിട്ടയുമായി പുലർത്തിയ ബന്ധവും ഓട്ടോറിക്ഷ തൊഴിലാളികൾ ചെയ്തിട്ടുള്ള സേവനങ്ങളും അനുസ്മരിച്ചു. വൈദികപദവിയിലെ ശെമ്മാശപട്ടം സ്വീകരിച്ച അന്നു വൈകുന്നേരം താൻ യാത്ര ചെയ്ത ഒരു ഓട്ടോറിക്ഷയിലെ ഡ്രൈവർ പറഞ്ഞ കാര്യം അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. വെള്ളകുപ്പായത്തിൽ ചെളി പുരണ്ടാൽവേഗത്തിൽ അറിയുമെന്നതായിരുന്നു അത്. ജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന വലിയൊരു സന്ദേശമാണ് അദ്ദേഹം തന്നെ ഓർമപ്പെടുത്തിയതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. ഓണാഘോഷത്തിനെത്തിയ മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ചു. അവരോടൊപ്പം സദ്യയിലും അദ്ദേഹം പങ്കെടുത്തു. പത്തനംതിട്ടയിലെ മാദ്ധ്യമ പ്രവർത്തകരും ഓണാഘോഷത്തിനെത്തിയിരുന്നു. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, ഫാ.ബിജു മാത്യു പ്രക്കാനം , ഫാ.റോയ് എം.ഫിലിപ്പ് , ഫാ.ബിജു മാത്യു മണ്ണാറക്കുളഞ്ഞി , ഫാ.ബിജുതോമസ് , പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, സെക്രട്ടറി ജി.വിശാഖൻ, ബാബുജി ഈശോ ,ഡോ.ജോർജ് വർഗീസ് കൊപ്പാറ, പ്രൊഫ.ജി.ജോൺ, അനി ഏബ്രഹാം, ഐവാൻ വകയാർ, ജോജി വാര്യാപുരം, അനിൽ ടൈറ്റസ്, നിതിൻ മണക്കാട്ട് മണ്ണിൽ, കെ.വി.ജേക്കബ്, എബൽ മാത്യു, ആൽവിൻ ഈശോകോശി എന്നിവർ പ്രസംഗിച്ചു.