തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ മുൻ പ്രസിഡന്റും മാന്നാർ യൂണിയന്റെ പ്രഥമ ചെയർമാനുമായിരുന്ന ഡോ. എം.പി വിജയകുമാറിന്റെ വേർപാടിൽ അനുശോചിക്കാൻ 22ന് ഉച്ചയ്‌ക്ക്‌ ശേഷം മൂന്നിന് പരുമല പമ്പ കോളേജ് സെമിനാർ ഹാളിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. തിരുവല്ല, മാന്നാർ യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടറായിരിക്കെ തന്നെ ദീർഘകാലം ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ആത്മബന്ധം പുലർത്തിയിരുന്ന ഡോ. എം.പി വിജയകുമാറിന്റെ വിയോഗം സമുദായത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്ന് ആലോചനാ യോഗം അനുശോചിച്ചു. എസ്.എൻ.ഡി.പി.യോഗം തിരുവല്ല, മാന്നാർ യൂണിയനുകളുടെ അദ്ധ്യക്ഷനായിരിക്കെ ഭരണസമിതിയുമായി ചേർന്ന് ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിച്ചു. മാന്നാർ കേന്ദ്രീകരിച്ച് എസ്.എൻ.ഡി.പി.യോഗത്തിന് പുതിയ യൂണിയൻ യാഥാർത്ഥ്യമാക്കി സംഘടനാപരമായി നടത്തിയ മുന്നേറ്റം ആർക്കും വിസ്മരിക്കാനാവില്ല.

ഔദ്യോഗിക ജീവിതത്തിലും സംഘടനാ രംഗത്തും പൊതുസമൂഹത്തിലും ഡോ. എം.പി വിജയകുമാറിന്റെ മഹത്തരമായ സേവനങ്ങളും വ്യക്തികളുമായി ഉണ്ടാക്കിയ ഊഷ്മള സ്നേഹബന്ധങ്ങളും അനുസ്മരിക്കാൻ ഒത്തുചേരുന്ന ഈ സമ്മേളനത്തിൽ എസ്.എൻ.ഡി.പി. യോഗം, യൂണിയൻ നേതാക്കളും ജനപ്രതിനിധികളും സാമുദായിക, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരികാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. അനുസ്മരണ യോഗത്തിൽ യൂണിയന്റെയും ശാഖകളുടെയും പോഷക സംഘടനകളുടെയും ഭാരവാഹികൾ കൃത്യമായി പങ്കെടുക്കണമെന്ന് തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ അറിയിച്ചു.