കാരയ്ക്കാട്: കേരളത്തിൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതായി എന്നു പറയുന്നത് തെറ്റായ പ്രചാരണമാണെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ശ്രീനാരായണ ധർമ്മസേവാ സംഘം ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗം 3218-ാം നമ്പർ പാറയ്ക്കൽ ശാഖയുടെയും നേതൃത്വത്തിൽ ആരംഭിച്ച രണ്ടാമത് പാറയ്ക്കൽ തീർത്ഥാടനത്തിന്റെയും ഗുരുദേവന്റെ പാറയ്ക്കൽ സന്ദർശനത്തിന്റെ 110-ാമത് വാർഷികത്തിന്റെയും ഭാഗമായുള്ള തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1950ൽ തന്നെ ലോകത്തിൽ 50 ശതമാനം വിദ്യാഭ്യാസം നേടിയ നാടായിരുന്നു കേരളം. ഇത് രാഷ്ട്രിയ കക്ഷികളുടെയോ ഭരണകർത്താക്കളുടെയോ മേന്മയല്ല. ആചാര്യന്മാരുടെ പ്രേരണയാണ് ഇതിനു കാരണം. പതിറ്റാണ്ടുകളായി തുടരുന്ന കേരളത്തിന്റെ ഈ നേട്ടത്തെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ആഗോള സംഗമവും പദയാത്രാ സ്വീകരണവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.മതത്തേക്കാൾ മാനവികതയ്ക്കു പ്രാധാന്യം നൽകിയ കേരള നവോത്ഥാനത്തിന്റെ ദാർശനിക ശോഭയാണ് ശ്രീനാരായണ ഗുരുദേവനെന്നും അദ്ദേഹം തെളിയിച്ച വെളിച്ചത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ആലപ്പുഴ ജില്ലാ ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.വി.വേണു, പോക്‌സോ കോടതി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് കോയിക്കലേത്ത്, പ്രവാസി ആര്യൻ കെ.ദമാൻ, പൊന്നമ്മ രാജപ്പൻ, അജയൻ കോമളത്ത് എന്നിവർ പ്രസംഗിച്ചു.
എസ്.എൻ.ഡി.എസ് ട്രസ്റ്റ് പ്രസിഡന്റ് കെ.എൻ.ഭദ്രൻ ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സന്തോഷ് കാരയ്ക്കാട് സ്വാഗതവും സെക്രട്ടറി പി.എൻ വിജയൻ നന്ദിയും പറഞ്ഞു.