ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഹാൾട്ട് ഏജന്റിന് നേരെ കഴിഞ്ഞദിവസം സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായതിനെ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ചെറിയനാട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ റെയിൽവേ ഉദ്യോഗസ്ഥർക്ക് നൽകി.സന്ദർശനത്തിൽ യാത്രക്കാരും നാട്ടുകാരും ചൂണ്ടിക്കാണിച്ച പ്രധാന പ്രശ്നമായിരുന്നു സ്റ്റേഷൻ പരിസരത്ത് വളർന്നു നിന്ന ചെടികളും കാടുകളും. തുടർന്ന് വിഷയം ശ്രദ്ധയിൽപ്പെട്ട എം.പി റെയിൽവേയിലെ എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും സ്റ്റേഷന് സമീപമുള്ള കുറ്റിക്കാടുകളും അടിക്കാടുകളും സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിറുത്തി അടിയന്തരമായി വെട്ടി മാറ്റണമെന്ന് നിർദ്ദേശം നൽകി.ഇതിനെ തുടർന്ന് സ്റ്റേഷൻ പരിസരത്തെ കാടുകൾ റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വെട്ടി മാറ്റി. അടുത്തഘട്ടത്തിൽ സ്റ്റേഷനിലും സ്റ്റേഷനിലേക്കുള്ള വഴികളിലും ലൈറ്റുകൾ സ്ഥാപിക്കുന്നതിനോടൊപ്പം സ്റ്റേഷനു മുൻവശം മിനി മാസ്റ്റർ ലൈറ്റും സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം സ്റ്റേഷനിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികളും ഉടൻതന്നെ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.