പ്രമാടം : കാട്ടുപന്നിക്ക് പിന്നാലെ കാട്ടുപോത്തുകളും നാട്ടിൽ ഇറങ്ങിയതോടെ വനൃമൃഗാക്രമണ ഭീതിയിലാണ് നാട്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇളകൊള്ളൂർ ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടുപോത്തുകളിറങ്ങിയത്. നാട്ടുകാരും വനപാലകരും ഇവയെ പിന്നീട് തുരത്തിയെങ്കിലും പ്രദേശത്തെ ഭീതി ഒഴിഞ്ഞിട്ടില്ല. ജില്ലാ ആസ്ഥാനത്തോട് ചേർന്നുകിടക്കുന്ന ഗ്രാമമാണ് പ്രമാടം. കോന്നി വനമേഖലയിൽ നിന്നാകാം കാട്ടുപോത്തുകൾ നാട്ടിൽ എത്തിയതെന്ന നിഗമത്തിലാണ് വനപാലകർ. നേരത്തെ കോന്നി മെഡിക്കൽ കോളേജ് പരിസരത്തും കാട്ടുപന്നികൾ ഇറങ്ങിയിരുന്നു. വനാതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
അടുത്തിടെയായി പന്നിയുടെയും കുറുക്കന്റെയും ശല്യം രൂക്ഷമായിട്ടുണ്ട്. രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുമ്പോൾ വളർത്തുജീവികൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് കുറുക്കൻമാർ. വിവിധ ഭാഗങ്ങളിൽ വ്യാപകമായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പകൽ സമയവും കാട്ടുപന്നി ഇറങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്. ഒറ്റതിരിഞ്ഞെത്തുന്ന പന്നികൾ കൃഷിയിടങ്ങളിൽ നിൽക്കുന്ന കർഷകർക്ക് നേരെയും ആക്രമണശ്രമം നടത്തുന്നുണ്ട്. കാട്ടുപന്നികളെ തുരത്താൻ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടാകാത്തത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.രാത്രികാലങ്ങളിലാണ് കുറുക്കന്റെ ശല്യം രൂക്ഷമായിരിക്കുന്നത്.
പകൽ സമയങ്ങളിൽ കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കളും ഭീതിവിതയ്ക്കുന്നു. ആട്, പശു ഉൾപ്പടെയുള്ള വളർത്തു മൃഗങ്ങൾക്ക് നേരെയുംഇവ ആക്രമണം നടത്തുന്നുണ്ട്.