തിരുവല്ല : ലോക രോഗി സുരക്ഷ വാരാചരണം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു. ആശുപത്രിയിലെ മെഡിക്കൽ, ക്വാളിറ്റി, നഴ്സിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്ന വാരാചരണത്തിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും കുടുംബാംഗങ്ങൾക്കും പരിചരിക്കുന്നവർക്കും ആവശ്യമായ ബോധവത്കരണം നടത്താനുമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ റവ.ഫാ.തോമസ് വർഗീസ്, ക്വാളിറ്റി വിഭാഗം മേധാവി ഡോ.എലിസബത്ത് വർക്കി ചെറിയാൻ, ക്വാളിറ്റി മാനേജർ ഡോ,റിജു മാത്യു, ചീഫ് നഴ്സിംഗ് ഓഫീസർ മിനി സാറ തോമസ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോസി മാഴ്സൽ, എച്ച്,ആർ വിഭാഗം മേധാവി സുധാ മാത്യു എന്നിവർ പങ്കെടുത്തു. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പോസ്റ്റർ മത്സരവും രോഗികൾക്കും കുടുംബാംഗങ്ങൾക്കും പരിചരിക്കുന്നവർക്കുമുള്ള ബോധവത്കരണ ക്ലാസുകളും ക്വിസ് മത്സരവും മെഡിക്കൽ-അലൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവത്കരണ കലാപരിപാടികളും നടത്തി. ബിലീവേഴ്സ് ആശുപത്രിയിൽ നിന്നാരംഭിച്ച് നഗരത്തിൽ സമാപിക്കുന്ന സൈക്കിൾറാലിയും സംഘടിപ്പിച്ചു. സുരക്ഷിതമല്ലാത്ത ചികിത്സ -പരിചരണ രീതികൾമൂലം രോഗികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും രോഗങ്ങളുടെ പകർച്ച നിയന്ത്രിക്കുവാനും ഉദ്ദേശിച്ച് ലോകാരോഗ്യ സംഘടന 2019ലാണ് ലോക രോഗി സുരക്ഷാദിനം നടത്തുവാൻ തീരുമാനിച്ചത്. രോഗികളുടെ സുരക്ഷയ്ക്കായി രോഗനിർണയം മെച്ചപ്പെടുത്തുക എന്നതാണ് 2024ലെ ലോക രോഗി സുരക്ഷാ ദിനത്തിൻറെ ചിന്താവിഷയം. പൊതുസമൂഹത്തിന് ബോധവത്കരണം നൽകാനായി 20ന് ഉച്ചയ്ക്ക് 2 .30ന് തിരുവല്ല കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് തെരുവ് നാടകവും സംഘടിപ്പിക്കും.