കോന്നി : കാട്ടുപന്നിക്ക് പിന്നാലെ കാട്ടുപോത്തുകളും നാട്ടിൽ ഇറങ്ങിയതോടെ വനൃമൃഗാക്രമണ ഭീതിയിലാണ് പ്രമാടം. കഴിഞ്ഞ ദിവസം രാത്രിയിൽ ഇളകൊള്ളൂർ ഹൈസ്‌കൂൾ ജംഗ്ഷന് സമീപം മണ്ണുഭാഗത്ത് രണ്ട് കാട്ടുപോത്തുകളുടെ ദൃശ്യം സി.സി.ടി.വി ക്യാമറകളിൽ തെളിഞ്ഞത്. റോഡ് സൈഡിൽ നിന്ന ഇവയെ വാഹന യാത്രക്കാരാണ് ആദ്യം കണ്ടത്. പശുവാണെന്നാണ് ആദ്യം കരുതിയതെങ്കിലും ഇവർക്ക് നേരെ പാഞ്ഞടുത്തപ്പോഴാണ് കാട്ടുപോത്തുകളാണെന്ന് മനസിലായത്. ഇവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. സംഭവം അറിഞ്ഞ് നാട്ടുകാരും വനപാലകരും സ്ഥലത്ത് എത്തി ഇവയെ പിന്നീട് തുരത്തിയെങ്കിലും പ്രദേശത്തെ ഭീതി ഒഴിഞ്ഞിട്ടില്ല.
വനംവകുപ്പ് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് നടത്തിയ തെരച്ചിലിൽ അച്ചൻകോവിൽ ആറിന്റെ തീരത്ത് മാളിയയ്ക്കൽ കടവിൽ നിന്ന്മൂന്നു കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 360 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു . കോന്നി എക്‌സൈസ് റേഞ്ച് സംഘവും ഫോറസ് അധികൃതരും നടത്തിയ തെരച്ചിലിലാണ് ഓണ വിൽപ്പനയ്ക്ക് ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ കോട കണ്ടെത്തിയത്. പ്രതികളെപ്പറ്റി അന്വേഷണം ആരംഭിച്ചു. സ്‌ട്രൈക്കിംഗ് ഫോഴ്‌സ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ ദിൻസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം കെ മനോജ്, ജി ശങ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.