vallam

ആറൻമുള : ആറൻമുള ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ ഒന്നാമത് എത്തിയ കോയിപ്രം പള്ളിയോടവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതകോടി പള്ളിയോടവും മന്നം ട്രോഫി സ്വന്തമാക്കി. എ ബാച്ചിൽ ഇടനാട് പള്ളിയോടം രണ്ടാമതും ഇടപ്പാവൂർ പേരൂർ മൂന്നാമതുമെത്തി. ബി ബാച്ചിൽ തോട്ടപ്പുഴശേരി പള്ളിയോടത്തിനാണ് രണ്ടാം സ്ഥാനം. മൂന്നാമതായി ഇടക്കുളവും ഫിനിഷ് ചെയ്തു.

ആദ്യപാദ മത്സരങ്ങളിൽ രണ്ടാമതായി എത്തിയ പള്ളിയോടങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ എ ബാച്ചിൽ കിഴക്കനോതറ കുന്നേകാട് ഒന്നും ചിറയിറമ്പ് രണ്ടും കീഴുകര മൂന്നുംസ്ഥാനം നേടി. ബി ബാച്ചിൽ തൈമറവുംകര ഒന്നും വന്മഴി രണ്ടും ചെന്നിത്തല മൂന്നും സ്ഥാനത്തെത്തി. പമ്പാനദിയിൽ ആറൻമുള പരപ്പുഴ കടവ് മുതൽ സത്രക്കടവ് വരെ 1250 മീറ്റർ ട്രാക്കുകളിലാണ് ജലമേള അരങ്ങേറിയത്. മന്ത്രി കെ.എൻ.ബാലഗോപാൽ ജലമേള ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണ പതാക ഉയർത്തി. ഏറ്റവും നന്നായി പാടിത്തുഴഞ്ഞ് എത്തിയത് എ ബാച്ചിലെ പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിനും ബി ബാച്ചിലെ കീക്കൊഴൂർ വയലത്തല പള്ളിയോടത്തിനും ആർ.ശങ്കർ ട്രോഫി സമ്മാനിച്ചു.