പത്തനംതിട്ട : ഇന്നത്തെ കാലഘട്ടത്തിൽ മാദ്ധ്യമങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശക്തികളോട് സന്ധി ചെയ്യാത്ത പത്രമാണ് കേരളകൗമുദിയെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാദ്ധ്യമ രംഗത്ത് നട്ടെല്ല് നിവർത്തി നിൽക്കുന്ന പത്രങ്ങളുണ്ടെന്നതിന് ഉദാഹരണമാണ് കേരളകൗമുദി. വാർത്തകളിലെ സത്യസന്ധത, നിക്ഷപക്ഷത, സുതാര്യത എന്നിവയാണ് കേരളകൗമുദിയുടെ പ്രത്യേകതകൾ. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തോടെ സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്നവരെ ഉയർത്തിക്കൊണ്ടുവന്ന പത്രാധിപരാണ് കെ. സുകുമാരൻ. ആരുടെ മുന്നിലും തലകുനിക്കാത്ത ധീരമായ നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ആന്റോ ആന്റണി പറഞ്ഞു. പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ പ്രത്യേക പതിപ്പും അദ്ദേഹം പ്രകാശനം ചെയ്തു. കേരളകൗമുദി യൂണിറ്റ് ചീഫ് ബി. എൽ. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.
വിമർശനങ്ങൾ ഉൾക്കൊള്ളണം:
കെ.യു ജനീഷ് കുമാർ
സമൂഹിക വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്താൻ മാദ്ധ്യമങ്ങൾ തയ്യാറാകണമെന്ന് കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മാദ്ധ്യമ മേഖലയിലെ ചെറിയ വിഭാഗക്കാർ വിമർശനങ്ങളെ വേണ്ടവിധം കാണുന്നില്ല. മാദ്ധ്യമ പ്രവർത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് കേരളകൗമുദി കാലമേറെക്കടന്നാലും നിലനിൽക്കും. സത്യസന്ധതയും നിക്ഷപക്ഷതയുമാണ് കേരളകൗമുദിയുടെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക ലേഖകർക്കുള്ള ഇൗ വർഷത്തെ പത്രാധിപർ പുരസ്കാരം പ്രമാടം ലേഖകൻ ബി. അജീഷിന് ജനീഷ് കുമാർ സമ്മാനിച്ചു.
നീതിയുടെ പക്ഷത്ത്: ടി. സക്കീർ ഹുസൈൻ
എന്നും നീതിയുടെ പക്ഷത്ത് നിൽക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് പത്തനംതിട്ട നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഉൗർജം പകർന്ന പത്രമാണ് കേരളകൗമുദി. മഹാത്മാവ് എന്നാൽ മഹാത്മാ ഗാന്ധി എന്ന പോലെ മലയാളികൾക്ക് സഖാവ് എന്നാൽ പി. കൃഷ്ണപിള്ളയും പത്രാധിപർ എന്നാൽ കെ. സുകുമാരനുമാണ്. നാടിന്റെ വികസന മുന്നേറ്റത്തിന് കേരളകൗമുദിയുടെ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
നിലപാടുള്ള പത്രം : എ.പി ജയൻ
പുരോഗമന ആശയങ്ങളെ പിന്തുണയ്ക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ജയൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ഇടതുപക്ഷ ആശയങ്ങൾക്കു വലിയ പ്രാധാന്യം നൽകിയ പ്രതാധിപർ തെളിച്ച വഴിയിൽ നിന്ന് കേരളകൗമുദി വ്യതിചലിച്ചിട്ടില്ല. പാരമ്പര്യത്തനിമയിൽ നിന്നുകൊണ്ട് പുരോഗമന ചിന്തകളെ പ്രോത്സാഹിക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭാ കൗൺസിലർമാരായ സിന്ധു അനിൽ, പി.കെ അനീഷ്, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.ആർ സലിലനാഥ്, കോന്നി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എസ്.വി പ്രസന്നകുമാർ, എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ്, കേരളകൗമുദി റീഡേഴ്സ് ക്ളബ് ജില്ലാ പ്രസിഡന്റ് കൂടൽ നോബൽ കുമാർ, സാമൂഹിക പ്രവർത്തകൻ ജോസ് പളളിവാതുക്കൻ, സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി. ചാക്കോ, കേടളകൗമുദി ഡെസ്ക് ചീഫ് വിനോദ് ഇളകൊള്ളൂർ, ബ്യൂറോചീഫ് എം.ബിജുമോഹൻ, സീനിയർ പ്രതിനിധി സി.വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.