
റാന്നി : നിർമ്മാണയന്ത്രങ്ങളുടെ തകരാറും അസംസ്കൃത സാധനങ്ങളുടെ ക്ഷാമവും മഴയും മൂലം മണ്ണാറക്കുളഞ്ഞി - ഇലവുങ്കൽ ശബരിമല പാതയുടെ വികസനം അനന്തമായി നീളുന്നു. മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ് പണികൾ. ശബരിമല തീർത്ഥാടനത്തിന് മുമ്പ് പണികൾ പൂർത്തീകരിക്കാനാകുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ഭരണിക്കാവ് - മുണ്ടക്കയം (183 എ ) ദേശീയപാതയുടെ ഭാഗമാണ് റോഡിപ്പോൾ. മണ്ണാറക്കുളഞ്ഞി മുതൽ പ്ളാപ്പള്ളി വരെയാണ് ആദ്യഘട്ടമായി വികസിപ്പിക്കുന്നത്. പ്ലാപ്പള്ളി മുതൽ മാടമൺ ചമ്പോൺ വരെ ബി ആൻഡ് ബിസി നിലവാരത്തിൽ പണികൾ നടത്തിയെങ്കിലും ചമ്പോൺ മുതൽ മണ്ണാറക്കുളഞ്ഞി വരെയുള്ള പണികൾ ഇനിയും ബാക്കിയാണ്. ഇതിൽ മൂന്ന് ഇടങ്ങളിൽ ഇന്റർലോക്ക് പാകിയിട്ടുമുണ്ട്.
മൂന്ന് വർഷം മുമ്പാണ് പൊതുമരാമത്തു വകുപ്പിൽ നിന്ന് റോഡ് ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്തത്. ഹൈവേ വിഭാഗം പുനലൂർ സെക്ഷനാണ് ചുമതല. കഴിഞ്ഞവർഷം മണ്ഡല തീർത്ഥാടനത്തിന് മുമ്പ് പണികൾ പൂർത്തിയാക്കുമെന്ന് അറിയിച്ചെങ്കിലും വിവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു.
@ ഭരണിക്കാവ് - മുണ്ടക്കയം ദേശീയ ഹൈവേയുടെ ഭാഗം
@ ളാഹ മേഖലയിലെ അപകട വളവുകൾക്ക് മാറ്റമില്ല
@ നിർമ്മാണം തുടങ്ങിയത് 2.5 വർഷം മുമ്പ്
@ മണ്ണാറക്കുളഞ്ഞി മുതൽ പ്ളാപ്പള്ളി വരെ
നിർമ്മാണ ചെലവ് : 47 കോടി