പ്രമാടം : വർഷങ്ങളായി അറ്റകുറ്റണിയില്ലാതെ കിടക്കുന്ന പ്രമാടം ഗ്രാമപഞ്ചായത്തിലെ വട്ടക്കുളഞ്ഞി - ഈട്ടിമൂട്ടിൽപടി റോഡ് നാട്ടുകാരുടെ നടുവൊടിക്കുന്നു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഈട്ടിമൂട്ടിൽപടിയിൽ നിന്ന് പൂങ്കാവ് - കോന്നി റോഡിലെ തെങ്ങുംകാവിലേക്കും പൂങ്കാവ് - മല്ലശേരിമുക്ക് റോഡിലെ വട്ടക്കുളഞ്ഞിയിലേക്കും എത്തുന്ന റോഡാണിത്. തെങ്ങുംകാവ് പുലരി ജംഗ്ഷനിൽ നിന്നാണ് റോഡ് രണ്ട് ഭാഗമായി തിരിയുന്നത്.ഇരു റോഡുകളുടെയും സ്ഥിതി വളരെ ദയനീയമാണ്. കുഴികൾ രൂപപ്പെട്ടിരിക്കുന്ന റോഡിൽ വാഹന ഗതാഗതവും കാൽനട യാത്രയും ഏറെ ദുഷ്കരമായിട്ടുണ്ട്. മഴ സമയത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതും ചെളിക്കുണ്ടായി മാറുന്നതും പതിവാണ്. തെങ്ങുംകാവ് റോഡ് ജില്ലാ പഞ്ചായത്തും വട്ടക്കുളഞ്ഞി റോഡ് പൊതുമരാമത്ത് വകുപ്പുമാണ് നന്നാക്കേണ്ടത്. എന്നാൽ ഇരു കൂട്ടരും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.