
അടൂർ: എം.സി റോഡിൽ വടക്കടത്തുകാവിൽ കെ.എസ്.ആർ.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒൻപതു പേർക്ക് പരിക്കേറ്റു. പിക്കപ്പ് വാൻ ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി വിജയൻ (60), ഒപ്പം യാത്ര ചെയ്ത അരുൺ (35) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രികരായ മാവേലിക്കര സ്വദേശിനി ശിവാനി (8), ഏനാത്ത് പുതുശ്ശേരി ഭാഗം സ്വദേശി തോമസ് (61), തൃശൂർ സ്വദേശിനി ഇവാഞ്ചിലിയ (22), കല്ലറ സ്വദേശിനി പ്രീതി (35), മകൾ ഭവ്യ (13),കേശവദാസപുരം പുഷ്പവടി സ്വദേശി ഖനി (56), ഒറീസ സ്വദേശിനി പൂനം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് അപകടം. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസും അഞ്ചലിൽ നിന്ന് പന്തളം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് മറിഞ്ഞു. പിക്കപ്പിനുള്ളിൽ കുടുങ്ങിയ വിജയനെയും അരുണിനെയും നാട്ടുകാർ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളുടെ നേതൃത്വത്തിൽ പരിക്കേറ്റ ബസ് യാത്രികരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസമുണ്ടായി.