പത്തനംതിട്ട : സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയും ജാഗ്രതയിലാണ്. പ്രവാസികളേറെയുള്ള ജില്ലയായതിനാൽ വിദേശത്ത് നിന്ന് എത്തുന്നവരിൽ സംശയിക്കപ്പെടുന്നവരെ ക്വാറന്റൈൻ ചെയ്യുന്നുണ്ട്. ഒരാളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെങ്കിലും രോഗമില്ലെന്ന് കണ്ട് അദ്ദേഹത്തെ വിട്ടയച്ചിരുന്നു. ഓണക്കാലമായതിനാൽ വിദേശത്ത് നിന്ന് ആളുകൾ കൂടുതലായി നാട്ടിലെത്തുന്ന സമയം കൂടിയാണിത്.
രോഗം പകരുന്നത്
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുളള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീരസ്രവങ്ങൾ, കുമിളകൾ പൊട്ടുമ്പോൾ അവയിൽ നിന്നും വരുന്ന സ്രവം, ശ്വസനത്തുളളികൾ, കിടക്ക എന്നിവയുമായുളള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായിട്ടുളള ലൈംഗിക ബന്ധം, പ്ലാസന്റ വഴി അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എന്നിവയിലൂടെ രോഗം പകരാം.
ലക്ഷണങ്ങൾ
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശീ വേദന, ഊർജക്കുറവ് തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് ഒന്ന് മുതൽ മൂന്ന് ദിവസത്തിനുളളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനു പുറമേ കൈപ്പത്തി, ജനനേന്ദ്രിയം, നേത്രപടലം(കോർണിയ), നേത്രാവരണം എന്നീ ശരീര ഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
2022 ലും സമാന സാഹചര്യം
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ 2022 ൽ സംസ്ഥാനത്ത് മങ്കിപോക്സ് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ജില്ലയിൽ ആദ്യ ഘട്ടത്തിൽ 16 പേരെ ക്വാറന്റൈൻ ചെയ്തെങ്കിലും ആർക്കും രോഗം സ്ഥിരീകരിച്ചില്ല. കൊവിഡ് പോലെ വളരെ വേഗം വ്യാപിക്കുന്ന ഒരു രോഗമല്ല മങ്കിപോക്‌സ്. വളരെ അടുത്ത സമ്പർക്കത്തിലുടെ മാത്രമേ രോഗം പകരാനുളള സാദ്ധ്യതയുളളൂ. രോഗ തീവ്രതയും കൊവിഡിനെ അപേക്ഷിച്ച് വളരെ കുറവാണ്.
...........................................
ജില്ലയിൽ രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വലിയൊരു പ്രശ്നം ജില്ലയിൽ ഇതുവരെയില്ല.
ഡോ. എൽ. അനിത കുമാരി
(ഡി.എം.ഒ)