
പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ തകരാറിലായ ലിഫ്റ്റുകൾ നന്നാക്കാനുള്ള പാർട്സുകൾ കിട്ടാനില്ല. കഴിഞ്ഞ ദിവസം തുടങ്ങിയ അറ്റകുറ്റപ്പണി നിറുത്തിവച്ചു. മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള ലിഫ്റ്റിന്റെ പാർട്സുകൾ കമ്പനിയുടെ എറണാകുളത്തെ സ്റ്റോറിൽ ലഭ്യമല്ല. ഹൈദരാബാദിലെ സ്റ്റോറിലുണ്ടെങ്കിൽ മാത്രമേ തകരാർ പരിഹരിക്കാൻ കഴിയൂ. ഇതു സംബന്ധിച്ച് ഹൈദരാബാദ് ആസ്ഥാനത്തേക്ക് കമ്പനി അധികൃതർ കത്തയിച്ചിട്ടുണ്ട്. പാർട്സുകൾ ലഭിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ലിഫ്റ്റ് പ്രവർത്തിപ്പിക്കാനാകും. അല്ലെങ്കിൽ പുതിയ ലിഫ്റ്റ് സ്ഥാപിക്കുകയേ മാർഗമുള്ളൂ.
ലിഫ്റ്റിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്കായി ജനറൽ ആശുപത്രി അധികൃതർ നാല് ലക്ഷം രൂപ കമ്പനിക്ക് മുൻകൂറായി അടച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം രോഗി ലിഫ്റ്റിൽ കുടുങ്ങിയതിനെ തുടർന്ന് വാതിൽ പൊളിക്കേണ്ടി വന്നത് നന്നാക്കാനുള്ള തുക വാർഷിക അറ്റകുറ്റപ്പണിയുടെ ഫണ്ടിൽ ഉൾപ്പെടുത്താനാവില്ലെന്ന് കമ്പനി ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചു. ലിഫ്റ്റ് നന്നാക്കാനുള്ള തുക കമ്പനിക്ക് അടയ്ക്കണം. ഇതിനുളള എസ്റ്റിമേറ്റ് കമ്പനി നൽകും. പാർട്സുകൾ ലഭിച്ചാൽ അതിന്റെ വിലയും തൊഴിലാളികൾക്കുള്ള വേതനവും ആശുപത്രി അധികൃതർ അടയ്ക്കേണ്ടിവരും. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ തുണി സ്ട്രെച്ചറിലാണ് മുകളിലെ നിലയിൽ നിന്ന് താഴേക്കു കൊണ്ടുവരുന്നത്. രോഗി സ്ട്രെച്ചറിൽ നിന്ന് താഴെ വീണെന്ന പരാതി ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
ഡയറക്ടറേറ്റ് അന്വേഷണം
ലിഫ്റ്റ് തകരാറായതിനെ തുടർന്ന് തുണി സ്ട്രെച്ചറിൽ ചുമന്നുകൊണ്ടു വന്ന രോഗി താഴെ വീണെന്ന പരാതി അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ ഡോ.നന്ദകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി. തകരാറായ ലിഫ്റ്റ് പരിശോധിച്ചു. ഡി.എം.ഒ ഡോ.എൽ.അനിതകുമാരി, ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.സുഷമ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ട് ആരോഗ്യ മന്ത്രിക്കു കൈമാറും.
ലിഫ്റ്റിനുള്ള പാർട്സുകൾ കമ്പനിയുടെ ഹൈദരാബാദ് ആസ്ഥാനത്തു നിന്ന് എത്തിച്ച ശേഷം പണികൾ തുടരും. അടിയന്തര പ്രധാന്യമുള്ള ശസ്ത്രക്രിയകൾ നടത്തുന്നുണ്ട്. അവരെ തുണി സ്ട്രെച്ചറിലാണ് മുകളിലെ നിലയിൽ നിന്ന് താഴെ എത്തിക്കുന്നത്. സാധാരണ സ്ട്രെച്ചറിൽ കിടത്തി താഴയെത്തിക്കുമ്പോൾ രോഗികൾക്ക് വേദനയുണ്ടാകും. സൗകര്യപ്രദം തുണി സ്ട്രെച്ചറാണ്.
ആശുപത്രി അധികൃതർ